Lead NewsNEWS

നൂറിൽ താഴെ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേ സമയം എല്ലാവർക്കും ക്ലാസ്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ അടുത്തിടയ്ക്കാണ് പുതിയ മാർഗ്ഗരേഖകളോടെ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചത്. ഒരേസമയം 50 ശതമാനം വിദ്യാർഥികൾ എന്ന കണക്കിൽ ഒരു ദിവസത്തിൽ രണ്ടു ഷിഫ്റ്റ് ആയിട്ടാണ് സ്കൂളുകളിൽ ക്ലാസ്സുകൾ ക്രമീകരിച്ചത്. എന്നാലിപ്പോള്‍ സ്കൂൾ പ്രവർത്തന സമയവുമായി ബന്ധപ്പെട്ടുള്ള മാർഗരേഖ പുതുക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങി.

100 ല്‍ താഴെ കുട്ടികളുള്ള സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും ഒരേസമയം വരാം, ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വീതം ഇരുത്താം തുടങ്ങിയ നിർദ്ദേശങ്ങളാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. അതേസമയം നൂറിൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ പഴയതുപോലെ ഒരേസമയം 50% വിദ്യാർഥികൾ എന്ന നിലയിൽ അധ്യയനം ക്രമീകരിക്കണം.

രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ടു ബാച്ച് വീതം ക്രമീകരിച്ചതില്‍ ഉച്ചക്ക് ശേഷമുള്ള ബാച്ചിലേക്ക് എത്താൻ കുട്ടികൾക്ക് വാഹനസൗകര്യം ലഭിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് പുതിയ തീരുമാനം. ആവശ്യമെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കുട്ടികൾ സ്കൂളിലെത്തുന്ന വിധത്തിലും ക്രമീകരിക്കാമെന്നും അറിയിപ്പിലുണ്ട്. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അതാതു സ്ഥാനങ്ങളിൽ തന്നെ ഇരുന്നു കഴിക്കുന്നുവെന്ന് അധ്യാപകർ ഉറപ്പുവരുത്തണം. നിലവിൽ ശനിയാഴ്ച പ്രവർത്തി ദിവസം ആയതിനാൽ കുട്ടികൾക്ക് അന്നും ക്ലാസ് എടുക്കാം.

Back to top button
error: