NEWS

21 കാരിയെ വിട്ടുകിട്ടണം, ആത്മീയ പങ്കാളിയെന്ന് ആത്മീയ ഗുരു,ഹേബിയസ് കോർപസ് ഹർജി തള്ളി ഹൈക്കോടതി

മാതാപിതാക്കളുടെ കസ്റ്റഡിയിൽനിന്ന് ഇരുപത്തിമൂന്നുകാരിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആത്മീയഗുരു ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി. കൊല്ലം സ്വദേശിയായ ഡോക്ടർ കൈലാസ് നടരാജനാണ് ഹർജിക്കാരൻ. പെൺകുട്ടി സ്വയം തീരുമാനമെടുക്കുന്ന മാനസികാവസ്ഥയിലല്ല എന്നു പറഞ്ഞുകൊണ്ടാണ് ഹൈക്കോടതി മാതാപിതാക്കളോടൊപ്പം കുട്ടി താമസിക്കട്ടെ എന്ന്‌ വ്യക്തമാക്കിയത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ,ജസ്റ്റിസ് എം ആർ അനിത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചാണ് ഹേബിയസ് കോർപ്പസ് ഹർജി തള്ളിയത്.

വിഷാദരോഗത്തിന് കൗൺസിലിങ്ങിന് കൊണ്ടുപോയ കുട്ടിയെ ഹർജിക്കാരൻ സ്വാധീനിക്കുകയായിരുന്നു എന്ന് മാതാപിതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച പൊലീസ് റിപ്പോർട്ട് സർക്കാരും ഹാജരാക്കി.

ഡോക്ടർ കൈലാസ് നടരാജൻ മെഡിക്കൽ പ്രൊഫഷണിൽ ഉണ്ടായിരുന്ന ആളാണ്. ഇപ്പോൾ ആത്മീയ ആചാര്യൻ എന്നാണ് സ്വയം അവകാശപ്പെടുന്നത്. കുടുംബ വീടിന്റെ ഒരു നില ആശ്രമം ആക്കിയിരിക്കുകയാണ് എന്നും റിപ്പോർട്ടിലുണ്ട്.

ഇയാളുടെ കുടുംബ വീട്ടിൽ അമ്മ ആണ് താമസിക്കുന്നത്. ഭാര്യയും രണ്ടു കുട്ടികളും വാടകവീട്ടിലാണ്. ഇവരൊന്നുമായി ഇയാൾ അടുപ്പം പുലർത്തുന്നില്ല.

നേരത്തെ പതിനാലുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ കേസ് എടുത്തിരുന്നെങ്കിലും കൂടുതൽ തെളിവ് കണ്ടെത്താനാകാതെ ഒഴിവാക്കിയതാണ് എന്ന് പോലീസ് അറിയിച്ചു. കേസിലെ മൂന്നാം പ്രതിയായിരുന്നു ഇദ്ദേഹം.

ആധ്യാത്മിക പാതയിൽ കഴിഞ്ഞ രണ്ടര വർഷമായി തങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുകയാണെന്ന് ഹർജിക്കാരൻ അറിയിച്ചു. ആധ്യാത്മിക ബന്ധം മാത്രമാണെന്നും ഹർജിക്കാരന്റെ ഒപ്പം പോകണമെന്നും പെൺകുട്ടിയും പറഞ്ഞു. എന്നാൽ ഗുരു ശിഷ്യ ബന്ധത്തിന് തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി.

ഇരുവരും വിവാഹം കഴിച്ചതായി പറയുന്നില്ല. ഹർജിക്കാരന് ആകട്ടെ മറ്റൊരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിദഗ്ധ അഭിപ്രായത്തിനായി കൗൺസിലിംഗിന് കോടതി കുട്ടിയെ ഉപദേശിച്ചെങ്കിലും വഴങ്ങിയില്ല. ഹർജിക്കാരന്റെ പശ്ചാത്തലം പരിഗണിച്ചുകൊണ്ട് 21 വയസുള്ള പെൺകുട്ടിയുടെ കസ്റ്റഡി ഇയാളെ വിശ്വസിച്ച് ഏൽപ്പിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി.

Back to top button
error: