LIFETRENDING

കോവിഡിനു ശേഷമുള്ള ആദ്യ മലയാള ചിത്രം: ”വെള്ളം” റിവ്യു

കോവിഡ് പ്രതിസന്ധിയില്‍ അടഞ്ഞുകിടന്ന തീയറ്ററുകൾ കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചത്. വിജയ് നായകനായി ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രത്തോടെയാണ് വീണ്ടും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. അപ്പോഴും ഒരു മലയാളചിത്രം ഇനി എന്ന് തിയറ്ററുകളിലെത്തും എന്ന പ്രതീക്ഷയോടെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. ആരാധകരുടെയും പ്രേക്ഷകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൃത്യം 318 ദിവസങ്ങൾക്ക് ശേഷം ഒരു മലയാള സിനിമ തിയേറ്ററില്‍ എത്തിയിരിക്കുന്നു. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ ”വെള്ളം” എന്ന ചിത്രമാണ് കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി തീയറ്ററിലേക്ക് എത്തിയ മലയാള സിനിമ. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെള്ളം.

ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് വെള്ളത്തിനു ലഭിക്കുന്നത്. മുഴു കുടിയനായ മുരളി എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളും , സമൂഹം അവനെ ഒറ്റപ്പെടുത്തുകയും തുടര്‍ന്ന് തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളുടെയും കഥ പറഞ്ഞുപോകുന്ന സിനിമയാണ് വെള്ളം. ജയസൂര്യ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയേക്കാവുന്ന സൃഷ്ടിയാണ് വെള്ളത്തിലെ മുരളി യുടേത്. ഇടയ്ക്ക് ചില സ്ഥലങ്ങളിലൊക്കെ ജയസൂര്യ എന്ന നടൻ കഥാപാത്രമായി ജീവിക്കുന്നത് കാണാൻ സാധിക്കും. കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒട്ടും മടുപ്പിക്കാതെ കഥ പറയാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ തറയിൽ നിന്നും സ്പിരിറ്റ് നക്കുന്ന രംഗം ഒക്കെ ഏറ്റവും മനോഹരമായാണ് ജയസൂര്യ എന്ന നടൻ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏത് റിസ്ക് എടുക്കാനും തയ്യാറാണെന്ന് ജയസൂര്യ എന്ന നടൻ ഒരിക്കൽകൂടി ഈ രംഗത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

ചിത്രത്തിൽ ജയസൂര്യയുടെ ഭാര്യയായി വേഷമിട്ടിരിക്കുന്നത് സംയുക്ത മേനോൻ ആണ്. സുനിത എന്ന കഥാപാത്രമായി സംയുക്ത മേനോനും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. ക്യാപ്റ്റൻ എന്ന ചിത്രത്തിലൂടെ തന്നെ നിറയെ ആരാധകരെ സമ്പാദിച്ച സംവിധായകനാണ് പ്രജേഷ് സെന്‍. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി മറ്റൊരു ചിത്രം എത്തുന്നുവെന്ന് വാർത്തകളിൽ നിറഞ്ഞപ്പോൾ തന്നെ ചർച്ചയായിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും ഭംഗം വരുത്താതെ തന്നെയാണ് വെള്ളം സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയ്ക്കൊപ്പം മിഥുന്‍, ബൈജു സന്തോഷ് കുമാർ, സ്നേഹ പാലിയേരി, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആൻറണി, ഇടവേളബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും അഭിനയിച്ചിട്ടുണ്ട് എല്ലാവരും തങ്ങളുടെ വേഷം മികച്ചതായി പെർഫോം ചെയ്തിട്ടുണ്ട്.

Back to top button
error: