NEWS

ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴി സാധ്യമായ എല്ലാ സഹായങ്ങളും തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ . തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുരനധിവാസത്തിനായി അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

തൊഴില്‍ നഷ്ടപ്പെട്ട ക്ഷേമനിധി ബോര്‍ഡംഗങ്ങളായ എല്ലാ ബാര്‍ തൊഴിലാളികള്‍ക്കും പരമാവധി സംരക്ഷണവും സഹായവും നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ സമര്‍പ്പിക്കുന്ന പദ്ധതിയനുസരിച്ച് 2,50,000 രൂപ ടേം ലോണായും 50,000 രൂപ ഗ്രാന്റ് അല്ലെങ്കില്‍ സബ്‌സിഡിയും ചേര്‍ത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭ്യമായ 66 അപേക്ഷകളില്‍ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് യോഗ്യരെന്ന് കണ്ടെത്തിയ 26 പേര്‍ക്ക് നിലവില്‍ ധനസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വായ്പാ തുക അനുവദിക്കുന്നതിനായി 77,50,000 രൂപ സര്‍ക്കാര്‍ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബാര്‍ തൊഴിലാളികളായിരുന്ന അനില്‍കുമാര്‍, അജിത്കുമാര്‍, സാബു ആന്റണി എന്നീ ഗുണഭോക്താക്കള്‍ക്ക് നിയമസഭയില്‍ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രി സഹായധനം വിതരണം ചെയ്തു. ബോര്‍ഡ് ചെയര്‍മാന്‍ സി.കെ.മണിശങ്കര്‍, ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ബീനാമോള്‍ വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Back to top button
error: