NEWS

വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്

പ്രാദേശികമായ വികസനത്തിന് പലപ്പോഴും തടസമാകുന്നത് റെയിൽവേ ലെവൽ ക്രോസിങ്ങുകളാണ്. കാലങ്ങളായി വികസനത്തിന് വഴിമുടക്കി നിൽക്കുന്ന ലെവൽക്രോസിങ്ങുകളെ മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയായിരുന്നു സംസ്ഥാനം. അതിന്റെ ഫലമായി സംസ്ഥാനത്തെ പത്തു ലെവൽക്രോസിങ്ങുകളെ ഒഴിവാക്കാൻ കഴിയുന്ന പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാനസർക്കാർ ഏറ്റെടുക്കുകയാണ്. കിഫ്ബി വഴിയാണ് ഈ പദ്ധതികൾക്ക് സംസ്ഥാനസർക്കാർ പണം കണ്ടെത്തുന്നത്.
തടസ രഹിതമായ ഒരു റോഡ് ശൃംഖല സ്ഥാപിക്കുന്നതിനും ലെവൽ ക്രോ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുമായി കിഫ്ബി വഴി ധനലഭ്യത ഉറപ്പാക്കി ആർ ബി ഡി സി കെ യെ നിർവഹണ ഏജൻസിയാക്കി പൂർത്തീകരിക്കാനുദ്ദേശിക്കുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം 2021 ജനുവരി 23 ന് രാവിലെ പത്തു മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക..ബഹു. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യാതിഥി ആകും. കേരളത്തിലെ പ്രധാന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 6 മുതൽ 8 മാസത്തിനുള്ളിൽ തീർക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക. പരമ്പരാഗത കോൺക്രീറ്റ് നിർമാണ രീതിയേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമാണം പൂർത്തിയാക്കാൻ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയെ വ്യത്യസ്തമാക്കുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷ(RBDCK)നാണ് പദ്ധതിയുടെ എസ്പി വി. ഡിസൈൻ ,ബിൽഡ്, ട്രാൻസ്ഫർ (DBT) രീതിയിലാണ് മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുക . ആവശ്യമെങ്കിൽ കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെൻറർ സാങ്കേതിക സഹായം നൽകും.സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായകമായ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പരമ്പരാഗത രീതികൾ കൊണ്ട് വൈകുകയായിരുന്നു. നിർമാണ സമയത്തെ ഗതാഗത തടസം, സമീപത്തെ ജനജീവിതത്തിലുള്ള ആഘാതം തുടങ്ങിയവയെല്ലാം പുതിയ നിർമാണ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും.റിക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്
താഴെപ്പറയുന്നവയാണ് പദ്ധതിയിൽ ഉൾപ്പെടുന്ന 10 റെയിൽ മേൽപ്പാലങ്ങൾ
1. ചിറയിൻകീഴ് (തിരുവനന്തപുരം)
2. ഇരവിപുരം (കൊല്ലം)
3. മാളിയേക്കൽ (കൊല്ലം)
4. ചിറങ്ങര (തൃശൂർ)
5. ഗുരുവായൂർ (തൃശൂർ)
6. അകത്തേക്കര (പാലക്കാട്)
7. വാടാനം കുറിശി (പാലക്കാട്)
8. താനൂർ – തെയ്യാല (മലപ്പുറം)
9. ചേളാരി – ചെട്ടിപ്പാടി (മലപ്പുറം)
10. കൊടുവള്ളി (കണ്ണൂർ)

Back to top button
error: