Lead NewsNEWS

കെ-റെയില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി, അടിയന്തര പ്രമേയത്തിന് മറുപടി

കെ-റെയില്‍ പദ്ധതി കൃഷിയിടങ്ങളെ നശിപ്പിക്കുമെന്നും ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പ്രധാനമായും പറയുന്നത്.

കെ-റെയില്‍ പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടല്ല ഈ വികസന പദ്ധതി നടപ്പാക്കുന്നത്. പ്രമേയവതാരകന്‍ പറഞ്ഞതുപോലെയല്ല കാര്യങ്ങള്‍. നെല്‍പ്പാടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഗ്രീന്‍ഫീല്‍ഡ് പ്രദേശങ്ങളില്‍ കൃഷിയിടങ്ങള്‍ക്ക് കോട്ടം വരുത്താതെ തൂണുകള്‍ക്ക് മുകളില്‍ റെയില്‍പാളം നിര്‍മ്മിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 115 കിലോമീറ്റര്‍ പാടശേഖരങ്ങളില്‍ 88 കിലോമീറ്റര്‍ ദൂരവും ഈ രീതിയിലാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കപ്പെടും.

നിര്‍ദിഷ്ട പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും ബാധിക്കാത്ത രീതിയിലാണ് പ്രസ്തുത പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുക. അവരുടെ പുനരധിവാസം ഉറപ്പാക്കും.
നിര്‍ദ്ദിഷ്ട റെയില്‍പാതയുടെ ആകെ നീളമായ 530 കിലോമീറ്ററില്‍ തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള 220 കിലോമീറ്ററില്‍ നിര്‍ദ്ദിഷ്ട പാത നിലവിലുള്ള റെയില്‍പാതയുടെ സമാന്തരമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഈ പദ്ധതി അന്തരീക്ഷമലിനീകരണം കുറയ്ക്കാനും സഹായിക്കും. ഏകദേശം 19,000 വാഹനങ്ങള്‍ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ നിന്നും മാറും.

ഈ പദ്ധതി നടപ്പില്‍വരുത്താനായി ഡി.പി.ആര്‍ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ സാമൂഹിക ആഘാതപഠനം നടത്തുന്നതാണ്. പാരിസ്ഥിതിക പഠനം നടന്നുകഴിഞ്ഞിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്‍റെ തത്വത്തില്‍ അംഗീകാരം 2019 ഡിസംബര്‍ 17 ന് ലഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയും.

മുന്‍കാലങ്ങളിലെ വികസനപദ്ധതികളുടെയും ദുരവസ്ഥ എന്തായിരുന്നു? എല്ലാ അംഗീകാരവും ലഭിച്ച ശേഷമാണ് പ്രാരംഭ പ്രവര്‍ത്തനങ്ങളെപ്പറ്റി ആലോചിക്കുന്നത്. ഇതിനായി ഏറെ സമയം ചിലവാകുന്നു. കാലതാമസവും അധിക പണച്ചെലവും ഉണ്ടാകുന്നു. ഇത്തരം കാലവിളംബരം ഉണ്ടാകാന്‍ പാടില്ലെന്ന നിഷ്ക്കര്‍ഷ ഈ സര്‍ക്കാരിനുണ്ട്. അതിനാലാണ് ലാന്‍റ് അക്വിസിഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.

ജനങ്ങളുടെ ആശങ്കകള്‍ പരിഗണിക്കാത്ത ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. സംസ്ഥാനത്തിന്‍റെ വികസനത്തിന് പുതിയൊരു പാത വെട്ടിത്തുറക്കുന്ന ഈ പദ്ധതിയെ അനാവശ്യമായ ഭയപ്പാടുകള്‍ ഉയര്‍ത്തി തുരങ്കം വെയ്ക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.

മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച സബര്‍ബന്‍ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടാണ് നിര്‍ദ്ദിഷ്ട പദ്ധതി ആരംഭിച്ചത് എന്നതാണ് ആക്ഷേപം. ഇത് വസ്തുതാപരമല്ല. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ 126 കി.മി. സ്ഥലത്താണ് റാപ്പിഡ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്റ്റം വിഭാവനം ചെയ്തത്. പക്ഷേ, കേന്ദ്ര റെയില്‍ മന്ത്രാലയം സബര്‍ബന്‍ റെയില്‍ പോളിസിയില്‍ മാറ്റം വരുത്തുകയും ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ 2017 ഡിസംബര്‍ 7 ന് കത്ത് മുഖാന്തിരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കുറച്ചുകൂടി ഉചിതമായിരിക്കുമെന്ന ആശയം ഉയര്‍ന്നത്.

ഏറെ തവണ ഉന്നയിച്ച മറ്റൊരു ആക്ഷേപം കൂടി പ്രമേയവതാരകന്‍ ഉന്നയിക്കുന്നുണ്ട്. ഈ പദ്ധതി സംസ്ഥാനത്തെ വലിയ കടക്കെണിയില്‍ ആക്കുമെന്നാണ് പറയുന്നത്. പശ്ചാത്തലസൗകര്യം വികസിക്കുമ്പോള്‍ നിക്ഷേപങ്ങള്‍ ഉണ്ടാകുകയും സാമ്പത്തികവളര്‍ച്ചക്ക് ആക്കം കൂടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക വളര്‍ച്ച പശ്ചാത്തലസൗകര്യവികസനത്തിനായി എടുക്കുന്ന കടത്തെ അതിജീവിക്കാന്‍ സഹായകമാകും.

മൂലധന ചിലവുകള്‍ക്കായും പശ്ചാത്തലസൗകര്യവികസനത്തിനായും കടമെടുക്കാത്ത ഏതെങ്കിലും സര്‍ക്കാര്‍ ഏതെങ്കിലും കാലത്ത് ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടായിരുന്നോ എന്നുകൂടി ഈ ആക്ഷേപം ഉന്നയിക്കുന്നവര്‍ പരിശോധിക്കണം.

ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താന്‍ പരിശ്രമിച്ചില്ല എന്ന ഒരു ആക്ഷേപം കൂടി പ്രമേയത്തില്‍ ഉന്നയിച്ചിട്ടുണ്ട്. സെമി ഹൈസ്പീഡ് പദ്ധതിക്ക് ഏകദേശം 66,000 കോടി രൂപയുടെ ചിലവ് വരും. ഇതിന്‍റെ ഒരു ഇരട്ടിയോളം വരും ഹൈസ്പീഡ് റെയിലിന്. പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

മറ്റൊരു കാര്യം കേന്ദ്രത്തിന്‍റെ ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ ഉള്‍പ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നാണ്. ഇത് അടിസ്ഥാനരഹിതമാണ്. ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഡല്‍ഹി-മുംബൈ, ചെന്നൈ-ബാംഗ്ലൂര്‍ ഇത്തരം വന്‍നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈസ്പീഡ് റെയില്‍. പ്രധാനമായും ഒരു സംസ്ഥാനത്തിനുള്ളില്‍ നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയല്ല ഹൈസ്പീഡ് റെയില്‍ കോറിഡോര്‍.

സെമി ഹൈസ്പീഡ് റെയില്‍ കേരളം വിഭാവനം ചെയ്ത തനതായ പദ്ധതിയാണ്. കേരള റെയില്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ എന്ന കമ്പനി മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 51 ശതമാനം കേരള സര്‍ക്കാരിനും 49 ശതമാനം കേന്ദ്രസര്‍ക്കാരിന്‍റെ റെയില്‍വേ മന്ത്രാലയത്തിനുമാണ്. അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് ലഭിക്കുന്ന വായ്പയാണ് ഈ പദ്ധതിക്കായി ചിലവഴിക്കുന്നത്.

Back to top button
error: