NEWS

എൻസിപി കേരള ഘടകത്തിൽ തർക്കം തുടരുന്നു, ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ കേരള സന്ദർശനം മാറ്റിവച്ചു

പാലാ സീറ്റ്‌ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു ശരത് പവാറിന്റെ സന്ദർശനം തീരുമാനിച്ചിരുന്നത്. പാലാ സീറ്റിനെ ചൊല്ലി ആയിരുന്നു എൻസിപിയിൽ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡണ്ട് മാരും ഉൾപ്പെടെ 55 പേരെയാണ് അഖിലേന്ത്യാ പ്രസിഡന്റ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. മുംബൈയിൽ ചില ചടങ്ങുകളിൽ പങ്കെടുക്കേണ്ടതാണ് സന്ദർശനം മാറ്റിവക്കാൻ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിനിടെ എ കെ ശശീന്ദ്രൻ വിഭാഗം പവാറുമായി ആശയവിനിമയം നടത്താൻ, സമാന ചിന്താഗതിക്കാരുടെ അനൗപചാരിക യോഗം ഔദ്യോഗികവസതിയിൽ വിളിച്ചുചേർത്തു. 10 ജില്ലാ പ്രസിഡണ്ടുമാർ തനിക്കൊപ്പം ഉണ്ടെന്നാണ് ശശീന്ദ്രന്റെ വാദം. ഇടതുമുന്നണി വിടേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നവരാണ് ശശീന്ദ്രന്റെ ഒപ്പമുള്ളത്. എന്നാൽ പാലാ സീറ്റ് ഉൾപ്പെടെ എൻസിപിയുടെ നാലു സീറ്റുകളും വിട്ടു കൊടുക്കേണ്ടതില്ലെന്നാണ് സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരന്റെ നിലപാട്.

സംസ്ഥാന ഘടകത്തിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നില നിൽക്കവേ അഭിപ്രായ ശേഖരണം നടത്തുകയാണ് പവാറിന്റെ സന്ദർശന ലക്ഷ്യം. ഇക്കാര്യത്തിനായി താൻ കേരളത്തിലേക്ക് വരാം എന്ന നിർദ്ദേശം മുന്നോട്ടുവച്ചത് അദ്ദേഹം തന്നെയാണ്.

Back to top button
error: