NEWS

തോട്ടവിള നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.

അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നല്‍കും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍ ലാഭകരമാക്കും. തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി നടപ്പാക്കും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നൽകിയത്.

അഞ്ച് പുതിയ ഐടിഐകള്‍

സംസ്ഥാനത്ത് അഞ്ച് പുതിയ ഗവണ്‍മെന്‍റ് ഐടിഐകള്‍ സ്ഥാപിക്കും. കൊല്ലം ജില്ലയില്‍ കുളത്തൂപ്പുഴ, പോരുവഴി, ഇടുക്കി ജില്ലയിലെ ഏലപ്പാറ, കരുണാപുരം, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നിവിടങ്ങളിലായിരിക്കും ഐടിഐകള്‍ സ്ഥാപിക്കുക. ഇതിനാവശ്യമായ 50 തസ്തികകള്‍ സൃഷ്ടിക്കും.

2014-15 അധ്യയനവര്‍ഷം ആരംഭിച്ച 27 എയ്ഡഡ് ഹയര്‍സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 173 തസ്തികകള്‍ സൃഷ്ടിക്കാനും 21 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

Back to top button
error: