Lead NewsNEWS

റിമാന്‍ഡ് തടവുകാരന്‍ ഷെഫീക്കിന്റെ മരണം; സിബിഐ അന്വേഷണമാകാമെന്ന് മുഖ്യമന്ത്രി

കാക്കനാട് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ കാഞ്ഞിരപ്പളളി സ്വദേശി ഷഫീക്ക് മരിച്ച സംഭവത്തില്‍ കേസ് സിബിഐയ്ക്ക് വിടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണമാണെങ്കില്‍ സിബിഐ അന്വേഷണമാകാം. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷെഫീഖിന്റെ ഭാര്യ ഹൃദ്രോഗിയാണെന്നും കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമുളള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറപടി നല്‍കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പതിനൊന്നാം തീയതിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കബിളിപ്പിച്ച് 3000 രൂപയും സ്വര്‍ണക്കമ്മലും തട്ടിയെടുത്ത കേസില്‍ കാഞ്ഞിരപ്പളളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖിനെ ഉദയം പേരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റല്‍ സ്‌കൂള്‍ ക്വാറന്റീന്‍ സെന്ററില്‍ പാര്‍പ്പിച്ചു. അപസ്മാരബാധയെത്തുടര്‍ന്നു കൊച്ചി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് അബോധാവസ്ഥയിലായ ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോഴായിരുന്നു മരണം.

എന്നാല്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തു വന്നിരുന്നു. പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീഖിന്റെ ഭാര്യ സെറീന ആരോപിച്ചു.

Back to top button
error: