Lead NewsNEWS

നരേന്ദ്രമോദി സർക്കാറിനെതിരെ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ തുടക്കം കേരളത്തിൽ നിന്ന്: ഉമ്മൻചാണ്ടി

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അരയും തലയും മുറുക്കി കോൺഗ്രസ് പ്രവർത്തനം ആരംഭിക്കുമ്പോൾ ലക്ഷ്യം വെക്കുന്നത് വിജയം മാത്രം എന്ന് ഉമ്മൻചാണ്ടി. കേരളത്തില്‍ പാർട്ടി നേടുന്ന വിജയം നരേന്ദ്രമോദി സർക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് പോരാട്ടത്തിന്റെ ആദ്യഘട്ടമായി കൂടി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചു വരുന്നതിന്റെ ആദ്യപടി ആയിരിക്കും കേരളത്തിൽ നിന്നുള്ള വിജയം.

നിയമസഭ തിരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവാതിരിക്കാൻ വേണ്ട നടപടികൾ കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എ സി ജോസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചുവർഷം ഭരണത്തിൽ ഇരുന്നിട്ടും എൽഡിഎഫ് സർക്കാർ സൗജന്യ റേഷനും മറ്റ് ആനുകൂല്യങ്ങളും നൽകിയത് അവസാന വർഷം ആണെന്നും കിറ്റ് കൊടുക്കൽ അല്ല ദാരിദ്ര്യ നിർമാർജ്ജനം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ ആദ്യ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയായ ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യ അരി വിതരണം ഇടതു സർക്കാർ നിർത്തലാക്കി.

പിണറായി വിജയൻ സർക്കാർ വലിയ വിജയമായി ഉയർത്തിക്കാട്ടുന്ന ലൈഫ്മിഷൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ പേരിൽ ഇടതുമുന്നണി സർക്കാർ രണ്ടു ലക്ഷം വീട് നിർമിച്ചപ്പോൾ യുഡിഎഫിന്റെ കാലഘട്ടത്തിൽ വിവിധ വകുപ്പുകളിലൂടെ 4,21,000 വീടുകളാണ് ജനങ്ങള്‍ക്ക് നൽകിയത്. അതേപോലെ എല്ലാ മത-സാമുദായിക നേതാക്കളുമായും യുഡിഎഫിന് നല്ല ബന്ധം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: