Lead NewsLIFETRENDING

നഗ്നപാദനായി പ്രാക്ടീസ്, ആദ്യ പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചു വിക്കറ്റ് നേട്ടം, സിറാജ് നടന്നുകയറിയത് ദാരിദ്ര്യത്തിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക്

പ്രഥമ ടെസ്റ്റ് സീരീസിൽ തന്നെ മുഹമ്മദ് സിറാജ് എന്ന 27 കാരൻ ക്രിക്കറ്റ് വിദഗ്ധരുടെയും കളിക്കാരുടെയും കയ്യടി നേടി. ഒറ്റ സീരിസിൽ തന്നെ സിറാജ് നിരവധി റെക്കോർഡുകൾ തകർത്തു.

ഹൈദരാബാദിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയും സഹോദരനും സുഹൃത്തുക്കളും നിറ കണ്ണീരോടെയാണ് സിറാജിനെ സ്വീകരിച്ചത്.2-1 എന്ന നിലയ്ക്ക് ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ സിറാജിന്റെ പങ്ക് ചെറുതല്ല. അതിൽ സെക്കൻഡ് ഇന്നിംഗ്സിലെ അഞ്ചു വിക്കറ്റ് നേട്ടവും ഉണ്ട്.

ഗാബയിൽ അഞ്ചു വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാണ് സിറാജ്. ബോർഡർ- ഗവാസ്കർ സീരീസിൽ ഏറ്റവുമധികം വിക്കറ്റെടുത്ത ഇന്ത്യൻ ബൗളർമാരുടെ പട്ടികയിലും മുന്നിൽ സിറാജ് ഉണ്ട്. മൂന്നു മാച്ചുകളിൽ നിന്നായി 13 വിക്കറ്റാണ് സിറാജ് നേടിയത്.

ഇനി ഒരു വർഷം മുമ്പുള്ള സിറാജിനെ കാണാം. ഹൈദരാബാദിലെ ഒരു പ്രാദേശിക മൈതാനത്തായിരുന്നു സിറാജ് ക്രിക്കറ്റ് കളിച്ചിരുന്നത്. അതും ബൂട്ട് വാങ്ങാൻ പണമില്ലാതെ നഗ്നപാദനായി. അച്ഛൻ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. അമ്മ വീട്ടുജോലി ചെയ്യുന്നു . സഹോദരൻ ഇസ്മയിൽ വലിയ ജോലിയൊന്നുമില്ലാതെ നിൽക്കുന്നു.

കഴിഞ്ഞ നവംബറിലാണ് സിറാജിന് അച്ഛനെ നഷ്ടമായത്. ഓസ്ട്രേലിയ സന്ദർശിക്കുന്ന ഇന്ത്യൻ ടീമിൽ സിറാജ് ഉണ്ടായിരുന്നു. തിരിച്ചു പോകണോ എന്ന് മാനേജ്മെന്റ് ചോദിച്ചിട്ടും ടീമിനൊപ്പം തുടരാം എന്നായിരുന്നു സിറാജിന്റെ മറുപടി. ” എനിക്കുവേണ്ടി ഏറെ ബുദ്ധിമുട്ടിയ വ്യക്തിയായിരുന്നു പിതാവ്. എനിക്ക് വലിയ നഷ്ടം തന്നെയാണിത്. എന്നാൽ രാജ്യത്തിനുവേണ്ടി ഞാൻ കളിക്കുക എന്നത് അദ്ദേഹത്തിന് അഭിമാനമായിരുന്നു. ആ സ്വപ്നം എനിക്ക് പൂർത്തിയാക്കണം. ” സിറാജ് ബിസിസിഐക്ക് നൽകിയ മറുപടിയിൽ പറയുന്നു.

ഹൈദരാബാദിലെ ഫ്രീലാൻസ് മേഖലയിൽ ഒരു വാടകവീട്ടിൽ 1994ലാണ് സിറാജിന്റെ ജനനം. ഔദ്യോഗിക ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകളിൽ ഒന്നും സിറാജ് പങ്കെടുത്തിട്ടില്ല. വീടിന് തൊട്ടപ്പുറത്തുള്ള ഗ്രൗണ്ടിൽ ക്യാൻവാസ് ബോളിൽ ആയിരുന്നു ക്രിക്കറ്റ് കളി. 2017 ൽ ട്വന്റി -20 ഇന്ത്യൻ ടീമിൽ എത്തിയതോടെ സിറാജിന്റെ ജീവിതം മാറിമറിഞ്ഞു.

ഉപദേശകർ ഒന്നും ഇല്ലാത്തതിനാൽ സിറാജിന് മുഖ്യം സുഹൃത്തുക്കൾ തന്നെയായിരുന്നു.” ബാറ്റ്‌സ്മാൻ ആകാനായിരുന്നു സിറാജിന് താല്പര്യം. ടെന്നീസ് ബോളിൽ നിരവധി പ്രാദേശിക ടൂർണമെന്റുകളിൽ പങ്കെടുത്തു. പിന്നീടാണ് സിറാജ് തന്റെ തട്ടകം ബോളിംഗ് ആണെന്ന് തിരിച്ചറിയുന്നത്. സിറാജിന്റെ നേട്ടങ്ങളിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ” ബാല്യകാല സുഹൃത്ത് അംജദ് ഖാൻ പറയുന്നു.

2015 -16 രഞ്ജി ട്രോഫി ടൂർണ്ണമെന്റിലാണ് സിറാജ് ഹൈദരാബാദിന് വേണ്ടി ആദ്യ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്. പിന്നീട് വിജയ് ഹസാരെ ട്രോഫി കളിച്ചു. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും സിറാജ് കളിച്ചു.

Back to top button
error: