തിരിച്ചടി ചെന്നിത്തലയ്ക്ക് തന്നെ, മുഖ്യമന്ത്രിപദത്തിൽ പാക്കേജ് ചർച്ചയായില്ല, ഐ ഗ്രൂപ്പ് ആശയക്കുഴപ്പത്തിൽ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ഒന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാക്കേജ് വിഷയമായില്ല. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പിൽ കേന്ദ്രബിന്ദു സ്ഥാനത്തേക്ക് കൊണ്ടു വരികയും ചെയ്തു. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷൻ ആക്കിയാണ് ഉമ്മൻചാണ്ടിയുടെ പദവി ഉയർത്തിയത്. ആരാകും പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി എന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് തന്ത്രപൂർവം മൗനം പാലിച്ചു.

സാധാരണ അഞ്ചുവർഷം പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന വ്യക്തി ആകും കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി. അഞ്ചുവർഷം പ്രതിപക്ഷത്തെ നയിച്ചത് രമേശ് ചെന്നിത്തലയാണ്. എന്നാൽ നാലര വർഷത്തിനുശേഷം അടുത്ത തെരഞ്ഞെടുപ്പിന്റെ മേൽനോട്ടച്ചുമതല ഉമ്മൻചാണ്ടിക്ക് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി പങ്കിടണമെന്ന് ഒരു ചർച്ച അനൗപചാരിക തലത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ചർച്ചകൾ വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനിച്ചത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച പാക്കേജുകൾ ഒന്നും ചർച്ച ചെയ്തില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കെ കരുണാകരനും എ കെ ആന്റണിയും ഉമ്മൻചാണ്ടിയും തെളിച്ചിട്ട വഴിയിലൂടെ സഞ്ചരിക്കാൻ രമേശിനും അർഹത ഉണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി. ഒരു തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ഉണ്ടാക്കുകയും അതിൽ ഉമ്മൻചാണ്ടിയെ അധ്യക്ഷനാക്കുകയും ചെയ്യുന്നതുവഴി അദ്ദേഹത്തിന് തുടർ കാര്യങ്ങളിൽ ശക്തമായ മേൽക്കൈ ലഭിക്കുമെന്നത് തീർച്ച. കൂട്ടായ നേതൃത്വം എന്ന് ഹൈക്കമാൻഡ് ആവർത്തിക്കുമ്പോഴും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായ ഉമ്മൻചാണ്ടിയെ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനങ്ങൾ. യുഡിഎഫിന് അധികാരം ലഭിച്ചാൽ ആർക്കാണ് കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഉണ്ടാകുന്നത് അയാൾ മുഖ്യമന്ത്രിയാകും.

തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷ സ്ഥാനത്ത് എത്തിയതോടെ സ്ഥാനാർഥി നിർണയത്തിൽ ഉമ്മൻചാണ്ടിക്ക് വ്യക്തമായ മേൽക്കൈ ലഭിക്കും. ഈ മേൽക്കൈ പാർലമെന്ററി പാർട്ടിയിൽ ആവർത്തിക്കാൻ ആയാൽ രമേശിന് മുഖ്യമന്ത്രിപദം കിട്ടാക്കനി ആകും.

ആശയക്കുഴപ്പം ഉണ്ടെങ്കിലും ഹൈക്കമാൻഡ് അന്ത്യശാസനം ഉള്ളതുകൊണ്ട് നിലവിൽ യോജിച്ചുപോകാൻ ആണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. കൂട്ടായ നേതൃത്വം എന്നു പറഞ്ഞു നിൽക്കും. എന്നാൽ പ്രതിപക്ഷ നേതാവ് അപ്രസക്തനാണെന്ന വാദത്തോട് ഐ ഗ്രൂപ്പ് യോജിക്കില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയം തന്നെയാണ് ഇപ്പോൾ ലക്ഷ്യം എന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം അണികളും നേതാക്കളും പ്രശ്നമുണ്ടാക്കില്ല.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ആണ് അക്ഷരാർഥത്തിൽ രമേശ് ചെന്നിത്തലയ്ക്ക് തിരിച്ചടിയായത് . രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫിന് ജയിക്കാനാവില്ല എന്നൊരു ധാരണ പരന്നു. എൻഎസ്എസ് അടക്കമുള്ള സമുദായ നേതൃത്വങ്ങൾ ഉമ്മൻചാണ്ടിയെ മുൻനിർത്തി വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ എന്ന് ആവശ്യപ്പെട്ടു. കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന ക്രൈസ്തവ വിഭാഗം തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വോട്ട് മാറി കുത്തി. മുസ്ലിം വോട്ടുകളിലും ചോർച്ചയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ലീഗിൽ കുഞ്ഞാലിക്കുട്ടിയെയും കോൺഗ്രസിൽ ഉമ്മൻചാണ്ടിയെയും താക്കോൽ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അതത് പാർട്ടികൾ തീരുമാനിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version