NEWS

40 കിലോമീറ്ററോളം പിന്നാലെ ഓടി പോലീസ്: പ്രതികൾ രക്ഷപ്പെട്ടത് കെഎസ്ആർടിസി ബസിൽ

പത്തനംതിട്ടയില്‍ നിന്നും സ്ത്രീയുടെ മാലപൊട്ടിച്ചോടിയ പ്രതികൾക്കായി സിനിമാസ്റ്റൈൽ തിരച്ചിൽ നടത്തി കേരള പോലീസ്. പോലീസ് പ്രതികളെ പിന്തുടർന്നത് 40 കിലോമീറ്ററോളം. പോലീസിന് പിടികൊടുക്കാതെ ചടയമംഗലത്തെ കാട്ടിൽ ഒളിച്ച പ്രതികൾക്കുവേണ്ടി അഗ്നിരക്ഷാസേന ഉൾപ്പെടെ തിരച്ചിലിനായി രംഗത്തിറങ്ങി. പക്ഷേ അത്രയും പേരുടെ കണ്ണുവെട്ടിച്ച് പ്രതികൾ കെഎസ്ആർടിസി ബസിൽ കയറി സ്ഥലം വിട്ടു. പക്ഷേ വിധി അപ്പോഴും അവർക്കെതിരായിരുന്നു. ഒടുവില്‍ ആയൂരില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു.

ആലങ്കോട് സ്വദേശി കാശിനാഥ്, കടയ്ക്കാവൂർ സ്വദേശി അജിത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഘത്തെ പറ്റി വയർലെസ് സന്ദേശം പൊലീസിന് ലഭിക്കുകയായിരുന്നു. വയർലെസ് സന്ദേശം ലഭിച്ച ഉടനെ പോലീസ് പരിശോധന കർശനമാക്കി. പ്രതികളുടെ വസ്ത്രധാരണത്തെ പറ്റിയും വയർലെസ് സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നതു കൊണ്ടുതന്നെ പൊലീസ് സംഘത്തിന് പെട്ടെന്ന് ആളുകളെ ശ്രദ്ധയില്‍ പെട്ടു. പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും പിന്നീട് പൊലീസ് സംഘം ഇവർക്കു പിന്നാലെ പായുകയുമായിരുന്നു.

പ്രതികൾ രക്ഷപ്പെട്ടതോടെ കൂടുതൽ പോലീസ് സേനയെ വിളിച്ചുവരുത്തുകയായിരുന്നു. ചടയമംഗലം എസ്.ഐ ശരലാലും സംഘവും ജീപ്പ് റോഡിനു കുറുകെ ഇട്ട് പ്രതികളെ പിടിക്കാൻ ശ്രമിച്ചെങ്കിലും വിദഗ്ധമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ചടയമംഗലത്തെ ക്വാറിക്ക് സമീപം പ്രതികളുടെ ബൈക്ക് കിടക്കുന്നത് കണ്ട് പൊലീസാണ് അഗ്നി രക്ഷാ സേനയെ വിളിച്ചു വരുത്തിയത്. ക്വാറിയിലെ പാറക്കുളത്തിൽ പ്രതികൾ വീണു പോയോ എന്ന് പോലീസ് ഭയപ്പെട്ടിരുന്നു. പാറക്കുളത്തിൽ അഗ്നിരക്ഷാസേന അംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇതേ തുടർന്നാണ് ക്വാറിയുടെ സമീപത്തെ കാട്ടിൽ ഇവർ ഒളിച്ചിരിക്കുന്നുണ്ടാവുമെന്ന നിഗമനത്തിൽ പോലീസെത്തിയത്. രാത്രിയിൽ പ്രതികൾ പുറത്തുവരുമെന്ന വിശ്വാസത്തിലായിരുന്ന പോലീസ് പരിചയമില്ലാത്ത ആരെയെങ്കിലും കണ്ടാൽ വിവരം നൽകണമെന്ന് പരിസരവാസികളെ ചട്ടം കെട്ടിയിരുന്നു. രാത്രിയോടെയാണ് രണ്ടുപേർ കെഎസ്ആർടിസി ബസിൽ കയറി പോകുന്നു എന്ന വിവരം പൊലീസിനു ലഭിച്ചത്. ബസ് തിരിച്ചറിഞ്ഞതോടെ പോലീസുകാരും നാട്ടുകാരും പ്രതികൾക്ക് വേണ്ടി പിന്നാലെ പാഞ്ഞു. പിന്നാലെ പോലീസ് ഉണ്ടെന്നു മനസ്സിലാക്കിയ പ്രതികൾ ബസ്സിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിദഗ്ധമായി പോലീസുകാരും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

Back to top button
error: