NEWS

അഴിഞ്ഞാട്ടം തുടരുന്ന ഓൺലൈൻ വായ്പ ആപ്പുകൾ

സംസ്ഥാനത്ത് ഓൺലൈൻ വായ്പ ആപ്പുകളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഇരയുടെ പേരില്‍ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ റാക്കറ്റിന്റെ പുതിയ തന്ത്രം. സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്ക് അടക്കം തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങളും നഗ്ന ദൃശ്യങ്ങളും അയച്ചു കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ ഒരു അധ്യാപകൻ. ഇതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി.

ഓൺലൈൻ വായ്പാ ആപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായി എന്നാണ് ആരോപണം. ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യത്തിനാണ് തിരുവനന്തപുരം സ്കൂളിലെ അധ്യാപകന്‍ ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം സ്വീകരിച്ചത്. ഇത് തിരിച്ചടയ്ക്കാന്‍ മറ്റു പല ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം എടുക്കേണ്ടി വന്നു. പലിശ പെരുകി വലിയ തുകയായതോടെ തിരിച്ചടവ് മുടങ്ങി. വായ്പയുടെ കാര്യം അന്വേഷിച്ചു വിളിക്കുന്നവർ ഫോൺ എടുത്താൽ കേട്ടാലറയ്ക്കുന്ന തെറിയാണ് പറയുന്നത്.

തിരിച്ചടവ് മുടങ്ങിയതോടെയാണ് അധ്യാപകന്റെ പേരിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും അസഭ്യവും സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ സന്ദേശമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കാര്യമറിഞ്ഞതോടെ അധ്യാപകന്‍ മാനസികമായി തകർന്നു. പോലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല എന്നാണ് അധ്യാപകന്റെ ഭാഗത്തുനിന്നും അറിയാൻ കഴിയുന്നത്.

Back to top button
error: