Lead NewsNEWS

ഇ പി ജയരാജൻ മത്സരിക്കുമോ? കെ കെ ശൈലജ മണ്ഡലം മാറുമോ? കണ്ണൂരിലെ സിപിഐഎം ചിത്രം ഇങ്ങനെ

കണ്ണൂർ സിപിഐഎം രാഷ്ട്രീയത്തിലെ ഉൾപ്പിരിവുകൾ മുൻ നിർത്തി വലിയ ചർച്ചകൾ ആണ് നടക്കുന്നത്. ഇതിൽ ഏറ്റവും സുപ്രധാനം ഇപ്പോൾ മന്ത്രി ആയിരിക്കുന്ന ഇ പി ജയരാജൻ മത്സരിക്കുമോ എന്നതാണ്.

മന്ത്രിസഭയിലെ രണ്ടാമൻ ആണ് ഇ പി ജയരാജൻ. സിപിഐഎമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടറി എന്ന തരത്തിൽ ഇ പി ജയരാജനെ പറഞ്ഞുകേൾക്കുന്നു. അങ്ങനെയെങ്കിൽ ഇ പി ജയരാജൻ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല.

ജയരാജന്റെ വീട് ഉൾപ്പെടുന്ന കല്യാശേരി മണ്ഡലത്തിൽ നിലവിലെ എംഎൽഎ ടി വി രാജേഷാണ്. ടി വി രാജേഷ് രണ്ടു തവണ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി പാർട്ടി ഇളവ് ഉണ്ടെങ്കിൽ മാത്രമേ ടി വി രാജേഷിന് മത്സരിക്കാൻ ആകൂ. അതുകൊണ്ടുതന്നെ ടി വി രാജേഷ് മത്സരിക്കാൻ സാധ്യതയില്ല.ജയരാജൻ മത്സരിക്കുകയാണെങ്കിൽ മട്ടന്നൂർ മണ്ഡലം മാറി കല്യാശ്ശേരിയിൽ മത്സരിക്കാനാണ് സാധ്യത.

എൽ ജെ ഡി മത്സരിച്ചിരുന്ന കൂത്തുപറമ്പ് ആണ് കെ കെ ശൈലജയുടെ മണ്ഡലം. എൽ ജെ ഡി ഇപ്പോൾ ഇടതുമുന്നണിയിൽ ആണ്. ചിലപ്പോൾ മണ്ഡലം വിട്ടു നൽകേണ്ടിവരും. ഈ പശ്ചാത്തലത്തിൽ കെ കെ ശൈലജ മണ്ഡലം മാറിക്കൂടായ്കയില്ല.

ജയരാജൻ മത്സരിച്ച മട്ടന്നൂർ, പഴയ തട്ടകമായ പേരാവൂർ എന്നീ മണ്ഡലങ്ങളിലാണ് ശൈലജ ടീച്ചറുടെ പേര് പരിഗണിക്കുന്നത്. പേരാവൂർ തിരിച്ചുപിടിക്കാനുള്ള വലിയ യുദ്ധത്തിൽ ശൈലജ ടീച്ചറെ ഇറക്കുമോ എന്ന് വ്യക്തമല്ല. യുഡിഎഫ് മണ്ഡലമായ പേരാവൂരിൽ ശൈലജ ടീച്ചറെ നിർത്തി പരീക്ഷണം നടത്താൻ പാർട്ടി തയ്യാറാകുമോ എന്നും വ്യക്തമല്ല.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് നിന്ന് തന്നെ മത്സരിക്കും. കോടിയേരി ബാലകൃഷ്ണൻ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല എന്നാണ് സൂചന. പയ്യന്നൂർ മണ്ഡലത്തിലെ സി കൃഷ്ണൻ, തളിപ്പറമ്പ് മണ്ഡലത്തിൽ ജയിംസ് മാത്യു എന്നിവരും രണ്ടു തവണ പൂർത്തിയാക്കിയവരാണ്. ഇവരെയും മത്സരിപ്പിക്കില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ഐ മധുസൂദനൻ എന്നിവരുടെ പേരുകളാണ് ഈ മണ്ഡലങ്ങളിൽ പറഞ്ഞുകേൾക്കുന്നത്.

ഇപ്പോൾ സിപിഐ എം സംസ്ഥാന സമിതി അംഗമായ പി ജയരാജന് സീറ്റ് നൽകുമോ എന്ന് വ്യക്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പി ജയരാജൻ മത്സരിച്ച് തോറ്റിരുന്നു. സംഘടനാ രംഗത്ത് സജീവമായി ഉള്ള എം പി ഗോവിന്ദനെ പാർലമെന്ററി രംഗത്തേക്ക് കൊണ്ടു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Back to top button
error: