LIFETRENDINGVIDEO

സൽമാൻഖാനും ആയിട്ടുള്ള പ്രണയം ഒരു പേടിസ്വപ്നം, ഐശ്വര്യ റായി മനസ്സ് തുറന്നപ്പോൾ

സൽമാൻ ഖാന്റെയും ഐശ്വര്യ റായിയുടെയും പ്രണയബന്ധം 1997-ലാണ് തുടങ്ങുന്നത്. സൽമാൻ ഖാൻ അന്നും സൂപ്പർസ്റ്റാർ ആയിരുന്നു. കാമുകി സോമി അലിയുമായി വിവാഹിതനാകും എന്നുവരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ഇടയിലേക്ക് ആണ് ഐശ്വര്യ റായി കടന്നുവരുന്നത്. 1999-ലെ “ഹം ദിൽ ദേ ചുകെ സനം ” എന്ന ചിത്രം സൽമാൻ ഖാന്റെയും ഐശ്വര്യയുടെയും പ്രണയകഥ അങ്ങാടിപ്പാട്ട് ആകാൻ കാരണമായി. സഞ്ജയ് ലീല ബൻസാലി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ. ആ സിനിമ പൂർത്തിയായതോടെ ഐശ്വര്യ റായി തന്റെ കരിയറിലെ ഉന്നതിയിലെത്തി. ഒപ്പം തന്നെ സൽമാൻഖാന്റെ കാമുകി എന്ന പട്ടം ഐശ്വര്യ റായ്ക്ക് ചാർത്തിക്കിട്ടി.

അന്ന് സ്റ്റാർഡസ്റ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ സൽമാനും ഐശ്വര്യയ്ക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് സോമി അലി അറിയുകപോലും ഉണ്ടായില്ല എന്ന് കുറിക്കപ്പെട്ടു. ഐശ്വര്യ- സൽമാൻ ബന്ധം പരസ്യം ആയതോടെ സോമി അലി ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് ചേക്കേറി.

സൽമാന്റെ ജീവിതത്തിൽനിന്ന് സോമി അലി വിട പറഞ്ഞതോടെ ഇണക്കുരുവികൾ ആയി സൽമാനും ഐശ്വര്യയും. സൽമാന്റെ മറ്റു കാമുകിമാരെ പോലെ സൽമാന്റെ കുടുംബവുമായി ഐശ്വര്യയും അടുത്തു. സൽമാന്റെ സഹോദരിമാരായ അൽവിരയും അർപിതയും ഐശ്വര്യയുടെ സുഹൃത്തുക്കളായി.

സൽമാന്റെ പേരിൽ തന്റെ മാതാപിതാക്കളുമായി പോലും ഐശ്വര്യ ഇടഞ്ഞു എന്ന് ബിശ്വദീപ് ഘോഷ് എന്ന എഴുത്തുകാരൻ തന്റെ പുസ്തകത്തിൽ കുറിച്ചു. അന്ധേരിയിലെ പ്രത്യേക ഫ്ലാറ്റിലേക്ക് ഐശ്വര്യറായി താമസം മാറി.

എന്നാൽ 2001 ഓട് കൂടി തന്നെ ആ ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 2001 നവംബറിൽ ഒരു രാത്രിയിൽ ഐശ്വര്യറായിയുടെ 17 ആമത് നിലയിലുള്ള ഫ്ലാറ്റിൽ ബോധത്തിന്റെ കണിക പോലും ഇല്ലാതെ സൽമാൻ പ്രത്യക്ഷപ്പെട്ടത് ടാബ്ലോയ്ഡ്കളിൽ വാർത്തയായി. വാതിൽ തുറക്കാൻ ഭീഷണിപ്പെടുത്തുകയായിരുന്നു സൽമാൻ. വാതിൽ തുറന്നില്ലെങ്കിൽ താനാ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടും എന്നുവരെ സൽമാൻ ഭീഷണിപ്പെടുത്തിയെന്ന് ടാബ്‌ലോയ്ഡുകൾ റിപ്പോർട്ട് ചെയ്തു.

ഒടുവിൽ ഐശ്വര്യ വാതിൽ തുറന്നു. തന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പു പറയണമെന്ന് സൽമാൻ ഐശ്വര്യയോട് ആവശ്യപ്പെട്ടു. എന്നാൽ കരിയറിലെ ഉന്നതിയിൽ നിൽക്കുന്ന തനിക്ക് ഇപ്പോൾ വിവാഹിതയാകാൻ കഴിയില്ല എന്ന് ഐശ്വര്യ സൽമാനോട് പറഞ്ഞു.

2002 ഫെബ്രുവരി രണ്ടിന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തിൽ സൽമാൻ ഇത് ശരിവെച്ചു. ” അവളുടെ മാതാപിതാക്കൾ നല്ല മനുഷ്യരായിരുന്നു. എന്റെ മാതാപിതാക്കളെപ്പോലെ തന്നെ യാഥാസ്ഥിതികരും. എന്റെ പഴയകാല ബന്ധങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ അവർ തങ്ങളുടെ മകളുടെ ജീവിതത്തിലേക്ക് ഞാൻ വരരുത് എന്ന് ആഗ്രഹിച്ചു. എല്ലാം എന്റെ തെറ്റാണ്. ഞാൻ ഇത് മുൻപേ തിരിച്ചറിയേണ്ടത് ആയിരുന്നു. ഞാൻ മോശമായി പെരുമാറിയിട്ടും ഐശ്വര്യയെ ഞാൻ സന്ദർശിക്കുന്നതിൽ നിന്ന് അവർ എന്നെ വിലക്കിയില്ല. എന്റെ പിതാവിനോട് അങ്ങനെ ഒരാൾ പെരുമാറുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല.ഐശ്വര്യയ്ക്കും അങ്ങനെ തന്നെയായിരുന്നു. എനിക്കെതിരെ ഐശ്വര്യയുടെ അച്ഛൻ ആരോപണം ഉയർത്തിയതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. എനിക്ക് അവരോട് വെറുപ്പുമില്ല.” സൽമാൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ആരോപണ പ്രത്യാരോപണങ്ങൾക്ക് മറുപടിയുയായി സൽമാൻഖാൻറെ സഹോദരൻ സൊഹൈൽ ഖാൻ പിന്നീട് രംഗത്തെത്തി. ” സൽമാനുമായുള്ള ബന്ധം ഒരിക്കലും പൊതുമധ്യത്തിൽ സമ്മതിക്കാൻ ഐശ്വര്യ റായി തയ്യാറായിരുന്നില്ല. ഞങ്ങളുടെ കുടുംബത്തിലെ സ്ഥിരം സന്ദർശകയായിരുന്നു ഐശ്വര്യറായി. എന്നിട്ടും ബന്ധം തുറന്നു പറയുന്നതിൽ നിന്ന് വിട്ടുനിന്നു. ഇത് സൽമാൻഖാന് വേദന ഉണ്ടാക്കി. തന്നെ ഐശ്വര്യയ്ക്ക് വേണമോ എന്ന സംശയം പോലും അദ്ദേഹത്തിനുണ്ടായി. ഇപ്പോൾ ഐശ്വര്യ പൊതുമധ്യത്തിൽ ഇരുന്ന് വിതുമ്പുകയാണ്.” സോഹൈൽ പറഞ്ഞു.

സൽമാന്റെ രഹസ്യ അമേരിക്കൻ സന്ദർശനത്തോടെ ആ ബന്ധം കൂടുതൽ ഉലഞ്ഞു. മുൻകാമുകി സോമി അലി അച്ഛന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട് സൽമാൻ ഖാനോട് പണം ചോദിച്ചിരുന്നു. ഐശ്വര്യയോട് പറയാതെ സൽമാൻ ആ പണം നൽകി. ഇത് ഐശ്വര്യ അറിയാനിടയായി. എന്നാൽ സൽമാൻ ഐശ്വര്യയെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി.പിന്നീട് “ഹം തുമാരെ ഹേ സനം “എന്ന ചിത്രത്തിൽ അതിഥിതാരമായി എത്താൻ പോലും ഐശ്വര്യ റായി തയ്യാറായി.

2002 ലെ ഫിലിം ഫെയർ അവാർഡ് ഫങ്ഷന് ഐശ്വര്യ എത്തിയത് കയ്യിൽ ബാൻഡെയ്ഡുമായാണ് ആണ്. സൽമാൻ ഐശ്വര്യയെ ഉപദ്രവിച്ചു എന്നുവരെ വാർത്തകളുണ്ടായി.”കുച്ച് നാ കഹോ ” എന്ന ചിത്രത്തിന്റെ സെറ്റിൽ സൽമാൻ അതിക്രമിച്ചു കയറിയതും ഐശ്വര്യയുടെ കാർ കേടുവരുത്തിയതുമെല്ലാം അപ്പോഴേക്കും എല്ലാവരും അറിഞ്ഞിരുന്നു.

ആ വർഷം മെയിൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ഇങ്ങനെ പറഞ്ഞു, ” എന്താണ് ഞാൻ പറയുന്നത് ആരും വിശ്വസിക്കാത്തത്? വീട്ടിൽ വീണാണ് എനിക്ക് അപകടം പറ്റിയത്. ഇതേ മാധ്യമങ്ങൾ ആണ് ഞാൻ വളരെ ശക്തയാണെന്ന് പറയുന്നത്. ഇപ്പോൾ പറയുന്നു ഒരാളുടെ ആക്രമണത്തിന് ഇരയായി ഞാൻ എന്ന്. ആർക്കും അങ്ങനെയൊന്നും എന്നെ ഉപദ്രവിക്കാൻ ആകില്ല. അർനോൾഡ് ഷ്വാസ്നെഗറിന് പോലും അപകടം ഉണ്ടാകാം. പിന്നെയാണ് എനിക്ക്? എന്നെ ആരെങ്കിലും ഉപദ്രവിച്ചിരുന്നു എങ്കിൽ തിരിച്ചടിക്കാൻ എനിക്കറിയാം. ഇത്തരം മോശം വ്യാജ പ്രചാരണങ്ങൾക്ക് മറുപടി പറയേണ്ട കാര്യം എനിക്കില്ല.”

എന്നാൽ കാലം ഈ വാക്കുകളെ മാറ്റിമറിച്ചു. 2002 സെപ്റ്റംബർ 27ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ തന്നെ ഉപദ്രവിക്കുമായിരുന്നു എന്ന് ഐശ്വര്യ തുറന്നുപറഞ്ഞു. ” മാർച്ച് മാസത്തിൽ ഞാനും സൽമാനും വേർപിരിഞ്ഞു. അത് അദ്ദേഹത്തിന് ഇനിയും ബോധ്യമായിട്ടില്ല. പിരിഞ്ഞിട്ടും എന്നെ വിളിച്ച് മോശം കാര്യങ്ങൾ പറയുകയായിരുന്നു സൽമാൻ. എന്റെ സഹ താരങ്ങളുമായി എനിക്ക് അവിഹിതബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖാൻ വരെയുള്ളവരുമായി എന്നെ ചേർത്ത് അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. എന്നെ ശാരീരികമായി ഉപദ്രവിച്ചു. ഭാഗ്യത്തിന് അതിന്റെ മുറിപ്പാടുകൾ ഒന്നും ഇപ്പോൾ ഇല്ല. ഞാൻ ഷൂട്ടിന് പോകുമ്പോൾ സൽമാൻ എന്നെ പിന്തുടർന്നു. ഞാൻ ഫോൺ എടുത്തില്ലെങ്കിൽ സ്വയം മുറിവേൽപ്പിച്ചു. ” ഐശ്വര്യ പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ ഐശ്വര്യ ഇങ്ങനെ കൂടി പറഞ്ഞു. ” ഞാൻ ഒട്ടേറെ ഉപദ്രവങ്ങൾ സഹിച്ചു. അദ്ദേഹത്തിന്റെ അവിഹിതബന്ധം തൊട്ട് കള്ളു കുടിച്ചുള്ള മോശം പെരുമാറ്റം അടക്കം. എനിക്ക് എന്നിൽ ബഹുമാനം ഉള്ളതുകൊണ്ട് ഞാൻ ആ ബന്ധം ഉപേക്ഷിച്ചു. ”

ഐശ്വര്യ ഇക്കാര്യം തുറന്നു പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് സൽമാൻഖാൻറെ ടൊയോട്ട ലാൻഡ് ക്രൂയിസർ ബാന്ദ്രയിൽ വഴിയോരത്ത് ഉറങ്ങിക്കിടന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞുകയറിയത്.

” ഒരു പ്രശ്നത്തിൽ കുടുങ്ങുമ്പോൾ ആരും കവിത ചെല്ലുകയല്ല ചെയ്യുക. ഓരോരുത്തരും അവർക്ക് അനുസരിച്ചാണ് പ്രതികരിക്കുക. ഐശ്വര്യ പറഞ്ഞതിനോട് ഞാൻ മറ്റൊന്നും പറയുന്നില്ല.” മിഡ്‌ ഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ പറഞ്ഞു.

ഐശ്വര്യയെ ശാരീരികമായി ഉപദ്രവിച്ച കാര്യം സൽമാൻ ഒരിക്കലും സമ്മതിച്ചില്ല. 2002 സെപ്റ്റംബർ 18ന് മിഡ്‌ ഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ സൽമാൻ ഇങ്ങനെ പറഞ്ഞു, ” ഞാൻ ഒരിക്കലും ഐശ്വര്യയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. ഞാൻ ഒരു വികാര ജീവിയാണ്. വിഷമം വരുമ്പോൾ ഞാൻ എന്നെ തന്നെയാണ് ഉപദ്രവിക്കാറുള്ളത് . ഞാൻ ചുമരിൽ തല കൊണ്ടിടിക്കുമായിരുന്നു. ശരീരത്തിൽ ഒക്കെ മുറിവുകൾ ഉണ്ടാക്കുമായിരുന്നു. മറ്റൊരാളെ ഉപദ്രവിക്കാൻ എനിക്കറിയില്ല. ഞാൻ സുഭാഷ് ഗായിയെ മാത്രമാണ് ഒരിക്കൽ കൈ വച്ചത്. അടുത്ത ദിവസം തന്നെ മാപ്പ് പറയുകയും ചെയ്തു. ”

” മനുഷ്യൻ നിയന്ത്രണം വിട്ടു പോകുന്ന ചില സാഹചര്യങ്ങൾ ഉണ്ട്. ആ മനുഷ്യൻ എന്നെ സ്പൂണ് കൊണ്ട് അടിച്ചു. ഒരു പ്ലേറ്റ് എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു പൊട്ടിച്ചു. എന്റെ ഷൂസിൽ മൂത്രമൊഴിച്ചു. കഴുത്തിന് കുത്തി പിടിച്ചു. എനിക്ക് പിന്നീട് നിയന്ത്രിക്കാൻ പറ്റിയില്ല. തൊട്ടടുത്ത ദിവസം എനിക്ക് മാപ്പ് പറയേണ്ടി വന്നു. ” സൽമാൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

ഈ അഭിമുഖത്തിന് പിന്നാലെ തന്നെ”ചൽതെ ചൽതെ” എന്ന സിനിമയുടെ സെറ്റിൽ വച്ച് സൽമാൻ ഖാൻ ഐശ്വര്യയോട് മോശമായി പെരുമാറിയെന്ന വാർത്ത പരന്നു. ആ സിനിമയുടെ നിർമ്മാതാവും നായകനും ആയ ഷാരൂഖാൻ വിഷയത്തിൽ ഇടപെട്ടു. സൽമാൻ ഖാൻ ഷാരൂഖിന്റെ കോളറിൽ കയറിപ്പിടിച്ചു എന്നുവരെ വാർത്ത വന്നു.

ആ സിനിമ ഐശ്വര്യയ്ക്ക് നഷ്ടപ്പെട്ടു. സിനിമയിൽ പിന്നീട് റാണി മുഖർജി അഭിനയിച്ചു. പിന്നീട് ഒരു വാർത്താസമ്മേളനത്തിൽ ഐശ്വര്യ ഇങ്ങനെ പറഞ്ഞു, ” എന്റെയും എന്റെ കുടുംബത്തിന്റെയും നന്മയ്ക്ക് വേണ്ടി ഞാനിനി സൽമാൻ ഖാനുമായി അഭിനയിക്കില്ല.സൽമാനുമായുള്ള അദ്ധ്യായം എനിക്ക് ഒരു പേടിസ്വപ്നമാണ്. അത് കഴിഞ്ഞു എന്ന് ആലോചിക്കുമ്പോൾ ആശ്വാസം ഉണ്ട്‌. ”

ആ തീരുമാനം ഉപേക്ഷിക്കണമെന്ന് ബോളിവുഡിലെ നിരവധി പ്രമുഖർ ഐശ്വര്യയോട് അഭ്യർത്ഥിച്ചു. എന്നാൽ തന്റെ തീരുമാനത്തിൽ ഐശ്വര്യ ഉറച്ചുനിന്നു.

Back to top button
error: