NEWS

കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക് കരസേനയിലെ ആദ്യ വാക്‌സിന്‍ വിതരണം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം കരസേനയില്‍ ആദ്യം ലഭ്യമാവുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ക്കാണ് ലഭിക്കുക.

കരസേനയിലെ ഡോക്ടര്‍മാരും പാരാമെഡിക്‌സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും. 2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന മുന്നണി പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പ്രസക്തമാണെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനുകളുടെ വിതരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘വാക്സിന്‍ എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കോവിഷീല്‍ഡ് വാക്‌സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്‌സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്പതുവീതവും. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ നല്‍കുക.

Back to top button
error: