NEWS

മോഷണം പ്രണയം ഭാര്യയെ കൂട്ടി കവർച്ച, വടിവാൾ വിനീതിന്റെ കഥ

വടക്കൻ കേരളത്തെ ഞെട്ടിച്ച ഷാജഹാൻ എന്ന കള്ളൻ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇതാ തെക്കൻ കേരളത്തിലുടനീളം മോഷണവും വടിവാൾ ആക്രമണവും നടത്തിയ വിനീതും പിടിയിലായിരിക്കുന്നു. ഭാര്യ ഷിൻസി അടക്കം നാല് പേരാണ് മോഷണസംഘം.

തിരുവല്ല നഗരത്തിൽ അടുത്തിടെ പ്രഭാതസവാരിക്കിറങ്ങിയവരെ വാനിലെത്തിയ അജ്ഞാതസംഘം വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതു വലിയ വാർത്തയുമായി. ആക്രമണത്തിന് മുൻകൈയെടുത്ത യുവാവിനൊപ്പം വാനിൽ ഒരു യുവതി കൂടി ഉണ്ട് എന്നുള്ള വാർത്ത ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്.

ആ മോഷണ സംഘത്തെ കൊല്ലം പൊലീസ് അതിസാഹസികമായി പിടികൂടിയിരിക്കുകയാണ്.വെറും ഏഴാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് എടത്വ സ്വദേശിയായ വിനീതിന് ഉള്ളത്. ചക്കുളത്തുകാവിൽ കടകൾ കുത്തിത്തുറന്ന് വിനീത് മോഷണം പഠിച്ചു. നിരവധി തവണ പിടിയിലായെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ അന്നൊക്കെ വെറുതെവിട്ടു. മോഷണം പതിവായതോടെ ആലപ്പുഴയിലെ ജുവനൈൽ ഹോമിൽ വിനീതിനെ പാർപ്പിച്ചു.

ജുവനൈൽ ഹോം വിട്ട വിനീത് ആദ്യം ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജ് പരിസരത്ത് നിന്ന് ഒരു ബൈക്ക് മോഷ്ടിക്കുകയായിരുന്നു. പിന്നീട് മോഷണം തുടർക്കഥയായി. 2017 ൽ ചെങ്ങന്നൂർ പോലീസ് വിനീതിനെ അറസ്റ്റ് ചെയ്തതോടെ വിനീത് ജയിലിലായി. രണ്ടുകൊല്ലം ജയിൽവാസം.

വലിയ കള്ളൻ ആയിട്ടാണ് വിനീത് ജയിലിൽ നിന്നിറങ്ങിയത്. മോഷണത്തോടൊപ്പം വടിവാൾ ആക്രമണവും പതിവാക്കി. അതോടെ വടിവാൾ വിനീത് എന്ന പേരും വീണു.

ഇതിനിടെയാണ് പുന്നമട സ്വദേശി ഷിൻസിയുമായി പ്രേമത്തിൽ ആവുന്നത്. വിവാഹം കഴിഞ്ഞതോടെ ഷിൻസിയുമൊത്തായി ആക്രമണവും മോഷണവും എല്ലാം. കൊച്ചിയിൽ നിന്ന് പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കളെ കൂടെ കൂട്ടി. ശ്യാം, മിഷേൽ എന്നിവരായിരുന്നു അവർ.

പിന്നീടങ്ങോട്ട് മോഷണ പരമ്പര ആയിരുന്നു. തെക്കൻ കേരളം മുതൽ വടക്ക് മലപ്പുറം വരെ വിവിധ സ്റ്റേഷനുകളിൽ കുറഞ്ഞത് 50 കേസുകൾ എങ്കിലും വിനീതിന്റെ പേരിൽ ഉണ്ട്. വാഹനങ്ങൾ കടത്തി കൊണ്ടുപോകുക മാത്രമല്ല വഴിയാത്രക്കാരെ തടഞ്ഞു കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുന്ന പരിപാടിയും സംഘത്തിന് ഉണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ എറണാകുളം റൂറൽ പോലീസ് വിനീതിനെയും മിഷേലിനെയും പിടിച്ചു. എന്നാൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഇരുവരും രക്ഷപ്പെട്ടു. മോഷണങ്ങൾക്കിടെ വിനീതിന്റെയും സംഘത്തിന്റെയും ദൃശ്യങ്ങൾ പല സിസിടിവികളിൽ കുടുങ്ങിയിരുന്നു. അങ്ങനെയാണ് കൊല്ലത്തുവെച്ച് വിനീതിനെ പോലീസ് സാഹസികമായി പിടികൂടുന്നത്.

Back to top button
error: