Lead NewsNEWS

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐഎംഎഫ്

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളില്‍ സുപ്രധാന ചുവടുവെപ്പ് നടത്താന്‍ സാധിക്കുമെന്ന് അന്താരാഷ്ട്ര നാണ്യനിധി. പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ അതിനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഐ.എം.എഫ് പറഞ്ഞു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥാനത്ത് നടത്തുന്ന സമരം 50 ദിവസം പിന്നിടുന്നതോടെയാണ് ഐ.എം.എഫിന്റെ പ്രതികരണം. കര്‍ഷക നേതാക്കളും കേന്ദ്രവും തമ്മില്‍ വെള്ളിയാഴ്ച ഒമ്പതാം ചര്‍ച്ച നടക്കും. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സുപ്രധാന ചുവടുവെപ്പുകള്‍ നടത്താന്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. ഈ നിയമങ്ങളിലൂടെ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പ്പനക്കാര്‍ക്ക് തങ്ങളുടെ വിളകള്‍ വില്‍ക്കാം. ഇടനിലക്കാരുടെ പങ്ക് കുറച്ച് ലാഭമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കും. ഗ്രാമീണ വികസനത്തിന് പിന്തുണയും വളര്‍ച്ചയും പ്രതിനിധാനം ചെയ്യുകയും ചെയ്യും -ഐ.എം.എഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജെറി റൈസ് വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ കാര്‍ഷിക നിയമ സംവിധാനത്തിലേക്ക് മാറുമ്പോള്‍ അതിനെ പ്രത്യക്ഷമായി ബാധിക്കുന്നവരെ സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴില്‍ കൊണ്ടുവരികയും സംരക്ഷിക്കുകയും വേണമെന്നും ജെറി റൈസ് പറഞ്ഞു.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് രാജ്യതലസ്ഥാനത്ത് 50 ദിവസമായി പ്രതിഷേധിക്കുന്നത്. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളിലാണ് പ്രതിഷേധം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൂടാതെ വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറല്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിന്റെ എല്ലാ വശവും ചര്‍ച്ചചെയ്യാമെന്നാണ് വാദിക്കുന്നത്. കേന്ദ്രം നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നാണ് കര്‍ഷകരുടെ ആഹ്വാനം.

Back to top button
error: