NEWSTRENDING

സിപിഎമ്മിന്റെ കുത്തക സീറ്റ് നേടിയ കോണ്‍ഗ്രസ്സ് അംഗത്തിനെതിരെ മര്‍ദ്ദനം

47 വര്‍ഷമായി സിപിഎം ജയിച്ചു വന്ന വാര്‍ഡില്‍ ഇത്തവണ 47 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന് നേരെ കൈയ്യേറ്റ ശ്രമം. ജീവന്‍ രക്ഷിക്കാന്‍ തൊട്ടടുത്ത് വീട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ അരിശം തീര്‍ക്കാന്‍ അക്രമികള്‍ മെമ്പറുടെ കാര്‍ നശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ജയിച്ച കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സി.മനോഹരന് നേരെയാണ് സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയിരുന്നതിനാല്‍ പ്രതികള്‍ ജാമ്യമെടുത്ത് പുറത്ത് വന്നിരുന്നു. മനോഹരനെ മര്‍ദ്ദിക്കുന്നതിന്റെയും കാറ് നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ തീവ്രത പുറത്ത് വന്നത്. കേസില്‍ കണ്ടാലറിയുന്ന കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ഇലക്ഷനില്‍ തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയപ്പോഴാണ് മനോഹരന് നേരെ അക്രമണം ഉണ്ടായത്.

ഇലക്ഷന്‍ സമയത്ത് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച് തുടക്കം മുതല്‍ പ്രകോപനം സൃഷ്ടിക്കാനവര്‍ ശ്രമിച്ചിരുന്നു. ഇലക്ഷനില്‍ പരാജയപ്പട്ടതോടെ പക വര്‍ധിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം ഉണ്ടാവുന്നത്. ബൈക്കിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്റെ കരണത്തടിക്കുകയായിരുന്നു. തുടര്‍ന്ന് തടി കഷ്ണം ഉപയോഗിച്ച് തലയിലടിച്ചു. ജീവന് ഭയന്ന് അടുത്ത വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് കാറ് നശിപ്പിച്ചത്. കൂടുതല്‍ ജനങ്ങളെത്തിയപ്പോഴാണ് അക്രമികള്‍ സംഭവസ്ഥലത്ത് നിന്നും പിന്മാറിയത്. കൊലപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടും പോലീസ് വധശ്രമത്തിന് കേസെടുത്തില്ല-മനോഹരന്‍ പറയുന്നു

Back to top button
error: