അവനിയാപുരം ജെല്ലിക്കെട്ട് കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി: പരിക്കേറ്റ് 58 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

തമിഴ് ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുന്ന കായിക വിനോദമാണ് ജെല്ലിക്കെട്ട്. അമറിക്കുതിച്ചെത്തുന്ന കാളക്കൂറ്റന്മാര്‍ക്ക് മേല്‍ മെയ്ക്കരുത്തുകൊണ്ട് വിജയം നേടുന്ന ചുണക്കുട്ടികളെ തമിഴ് ജനത വീരന്മാരെന്ന് പ്രഖ്യാപിക്കും. കാര്‍ഷിക സമൃദ്ധിയും തമിഴ് ചരിത്രവും വിളിച്ചോതിയാണ് ഓരോ ജെല്ലിക്കെട്ടും കടന്ന് പോവുക. പുതുവര്‍ഷത്തെ ആദ്യ ജെല്ലിക്കെട്ടിന് അവനിയാപുരത്ത് ഇന്നലെ തുടക്കം കുറിച്ചു. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജെല്ലിക്കെട്ട് നടത്തിയത്. പ്രത്യേക പരിശീലനം നല്‍കി വളര്‍ത്തിയ 450 ഓളം കാളകളാണ് മത്സരത്തിനെത്തിയത്. കാളകളെ കൊമ്പുകുത്തിക്കാന്‍ 420 ചെറുപ്പക്കാരും കളത്തിലിറങ്ങി. കാളയുടെ മുതുകില്‍ പിടിച്ചു കിടന്ന് 50 മീറ്റര്‍ പോവുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. 322 കാളകളെ ആര്‍ക്കും പിടിച്ചു കെട്ടാന്‍ സാധിക്കാതെ വന്നെങ്കിലും മത്സരത്തില്‍ വിജയികളായത് മധുര സ്വദേശികളായ വിജയിയും തിരുനാവുക്കരുശുമാണ്. മത്സരം കാണാന്‍ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും എത്തിയിരുന്നു. നിങ്ങളുടെ വീരത്തേയും വീരവിളയാട്ടിനെയും സംരക്ഷിക്കാന്‍ ഞാനുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി പ്രസംഗത്തിനിടയില്‍ പ്രഖ്യാപിച്ചത് കാണികള്‍ക്കിടയില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

Exit mobile version