Lead NewsNEWS

കള്ളൻ ഷാജഹാനെ പോലീസ് വേഷം മാറി പിടിച്ചതിങ്ങനെ

കഴിഞ്ഞ മൂന്നു മാസമായി മലപ്പുറം ജില്ലയിലെ താനൂർ,തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർദ്ധ രാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്ന് ഒരാൾ മോഷണം നടത്തുന്നുണ്ടായിരുന്നു. 2020 ഒക്ടോബർ മുതലാണ് മോഷണ പരമ്പര ആരംഭിക്കുന്നത്.

താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഒരാൾ മുഖംമറച്ച് ഷർട്ട് ധരിക്കാതെ തോളിൽ ബാഗും തൂക്കി ആയുധധാരിയായി രാത്രിയിൽ കറങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. പ്രദേശത്തെ നിരവധി സിസിടിവി കളിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. എന്നാൽ മുഖം മറച്ചിരുന്നതിനാൽ ഇയാളെ തിരിച്ചറിയാനായില്ല.

കടകളിലും വീടുകളിലും പൂട്ടുകൾ തകർത്ത് മോഷണം നടത്തുന്ന ഇയാൾക്ക് സിസിടിവി ക്യാമറകൾ തകർക്കുക എന്ന വിനോദവും ഉണ്ടായിരുന്നു. ഒക്ടോബർ 15 മുതൽ താനൂർ പോലീസ് കള്ളനായി വല വിരിച്ചു. നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. മഫ്തിയിലും യൂണിഫോമിലും പലതവണ പട്രോളിങ് നടത്തിയിട്ടും ഫലമുണ്ടായില്ല. പലയിടങ്ങളിലും കള്ളൻറെ സാന്നിധ്യം തിരിച്ചറിയപ്പെട്ടെങ്കിലും പിടികൂടാനായില്ല.

കളവുപോയ ഒരു മൊബൈൽ ഫോണിൽ നിന്ന് ആന്ധ്രപ്രദേശിൽ വെച്ച് ഒരു ഫോൺ കോൾ പോയതായി സൈബർസെൽ കണ്ടെത്തിയതാണ് വഴിത്തിരിവ്. ഫോൺ വിളിച്ച ആന്ധ്രാ സ്വദേശികളുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിനിടെ ഒരു നമ്പറിൽ ട്രൂ കോളറിൽ കള്ളൻ ഷാജഹാൻ എന്ന പേരു തെളിഞ്ഞു.

മൊബൈൽ ഫോൺ വിവരങ്ങൾ പിന്തുടർന്ന പോലീസ് എത്തിയത് ഏർവാടിയിൽ ആണ്. പൊലീസ് വേഷത്തിൽ ആയിരുന്നില്ല രണ്ടു പൊലീസുകാർ ഇയാളെ തിരഞ്ഞു പോയത്. സലേഷും സബറുദീനും പോയത് അസൈൻ കോയ തങ്ങൾ, ഉസൈൻ കോയ തങ്ങൾ എന്നീ പേരുകളിൽ ആണ്.

ഏർവാടിയിൽ എത്തിയ പോലീസുദ്യോഗസ്ഥർ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ താമസിക്കുന്ന ഷാജഹാനെ തിരിച്ചറിഞ്ഞു. ഇരുവരും ചേർന്ന് ഷാജഹാനെ പിടികൂടി. പൊലീസാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഷാജഹാൻ വിശ്വസിച്ചില്ല. എന്തായാലും കേരള പോലീസിന് ഒരു പൊൻതൂവലായി കേസന്വേഷണവും അറസ്റ്റും.

55 വയസ്സുണ്ട് ഷാജഹാന്. ഇതിൽ 27 വർഷം ഷാജഹാൻ ജയിലിലായിരുന്നു. 1992 മുതൽ ഇങ്ങോട്ട് കണ്ണൂർ വിയ്യൂർ സെൻട്രൽ ജയിലുകളിൽ ആയിരുന്നു ഏറെക്കാലം. ജയിലിൽ നിന്നിറങ്ങിയാൽ വീണ്ടും മോഷണം നടത്തി ജയിലിൽ പോവുക എന്നത് ഷാജഹാന് പതിവാണ്.

ഷാജഹാനെ കണ്ടാൽ 55 വയസ്സ് തോന്നിക്കില്ല. നല്ല ആരോഗ്യമുണ്ട് ഷാജഹാന്. എത്ര ഉയരമുള്ള മതിലും ഷാജഹാൻ ചാടി കടക്കും. വലിയ വൃക്ഷങ്ങളുടെ മുകളിൽ കയറും. രാത്രി 12 മണിക്ക് ശേഷമാണ് ഷാജഹാൻ തന്റെ ഡ്യൂട്ടി ആരംഭിക്കുക. ബർമുഡയോ ട്രൗസറോ ആകും വേഷം. ആളില്ലാത്ത വീടുകളിലും ടെറസുകളിലും ആണ് ഇയാളുടെ താമസം. ഏതു പൂട്ട് പൊളിക്കാനും ഇയാൾക്ക് നിഷ്പ്രയാസം കഴിയും. വിജാവിരികൾ പൊളിച്ചാണ് ഇയാൾ വാതിൽ തകർക്കുക. ചെരിപ്പ് ഒരു വീക്ക്നെസ്സ് ആണ്. മോഷണം നടന്ന വീടുകളിൽ നിന്ന് ചെരിപ്പും ഇയാൾ എടുത്തു കൊണ്ടു പോകും.

Back to top button
error: