LIFETRENDING

1953ന് ശേഷം ഇതാദ്യമായി അമേരിക്കയിൽ ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, കാരണം ഇതാണ്

അമേരിക്കൻ വനിത ലിസ മറി മോണ്ട്ഗോമറിയെ വിഷം കുത്തിവെച്ച് വധശിക്ഷക്ക് വിധേയയാക്കി. 1953ന് ശേഷം ഇതാദ്യമായി ആണ് ഒരു വനിതയെ വധശിക്ഷയ്ക്ക് അമേരിക്ക വിധേയയാക്കുന്നത്. ലിസ അടക്കമുള്ള നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.

ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബേബി ജോ സ്റ്റെന്നിനെ അവരുടെ വീട്ടിൽ കടന്നു കയറിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നശേഷം വയറുകീറി എട്ടുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു എന്നാണ് ലിസക്കെതിരെയുള്ള കുറ്റം. 2004 ഡിസംബർ 16 നാണ് സംഭവം.

ഗർഭസ്ഥ ശിശുവുമായി കടന്നുകളഞ്ഞ ലിസയെ കാൻസസിലെ ഫാംഹൗസിൽ പോലീസ് കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്ന് ലിസ വാദിച്ചെങ്കിലും പോലീസ് സത്യം കണ്ടു പിടിക്കുക ആയിരുന്നു. കുഞ്ഞിനെ പിന്നീട് പിതാവിനെ ഏൽപ്പിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പുനൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. വളർത്തച്ഛന്റെയും മറ്റു പുരുഷൻമാരുടെയും ക്രൂരപീഡനത്തിന് കുട്ടിക്കാലത്ത് ലിസ ഇരയായിട്ടുണ്ട് എന്നിവർ വാദിച്ചു. തലയ്ക്ക് ശക്തമായ പരിക്കേറ്റതിനെ തുടർന്ന് ലിസയ്ക്ക് മാനസിക ദൗർബല്യം ഉണ്ടായി എന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു ബിസിനസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 1953 ൽ ബോണി ബ്രൗൺ ഹെഡി എന്ന സ്ത്രീയാണ് ഇതിനുമുമ്പ് വധശിക്ഷക്ക് വിധേയയായത്. ഫെഡറൽ സംവിധാനത്തിന്റെ ചരിത്രത്തിൽ അമേരിക്കയിൽ ഇതുവരെ അഞ്ച് വനിതകളാണ് വധശിക്ഷയ്ക്ക് വിധേയരായത്. പ്രസിഡന്റ് എബ്രഹാംലിങ്കന്റെ കൊലപാതകത്തിൽ കൂട്ടു പ്രതിയായിരുന്ന മേരി സൂററ്റിനെ ആണ് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി വധശിക്ഷക്ക് വിധേയയാക്കിയത്.

Back to top button
error: