NEWS

കോവിഡും ഒരു സീസണല്‍ രോഗമായി മാറുമെന്ന് പഠനം

കോവിഡ് വാക്‌സിന്‍ വിതരണം അടുത്തിരിക്കെ പുതിയ പഠനവുമായി ഗവേഷകര്‍. കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ് വൈറസ് മനുഷ്യനില്‍ സാധാരണ കാണുന്ന ജലദോഷത്തിനോട് സാമ്യമുളളതായി തീരുമെന്ന് പഠനം.

സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19 ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിച്ചേര്‍ന്നത്. ജലദോഷത്തിന് കാരണമാകുന്ന ഈ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കോവ് 2-വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം, പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളില്‍നിന്ന് രോഗപ്രതിരോധ സംരക്ഷണം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് വാക്സിന്‍ ആളുകളിലുണ്ടാക്കുന്ന രോഗപ്രതിരോധ ശേഷിയെയും വൈറസ് എത്ര വേഗത്തില്‍ പടരുന്നുവെന്നതിനെയും ആശ്രയിച്ചിരിക്കും ഈ മാറ്റം.

മഹാമാരിയില്‍നിന്ന് പകര്‍ച്ചവ്യാധിയായി രോഗം ചുരുങ്ങിയ ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന അണുബാധ മിതമായ തോതിലാണെങ്കില്‍, വ്യാപകമായ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമായി വരില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, കുട്ടികളില്‍ അണുബാധ കഠിനമാവുകയാണെങ്കില്‍ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകള്‍ വേണ്ടി വരുമെന്നും പഠനം പറയുന്നു.

Back to top button
error: