LIFETRENDING

പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് വായനാപുസ്തകങ്ങളെത്തുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷത്തെ ലൈബ്രറി ഗ്രാന്‍റ് ഫലപ്രദമായി വിനിയോഗിക്കുന്നതിന്‍റെ ഭാഗമായി സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യേണ്ട പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈജ്ഞാനിക അക്കാദമിക ശേഷികളും സര്‍ഗാത്മകതയും വളര്‍ത്താന്‍ പ്രാപ്തമാക്കുന്ന പുതിയ പുസ്തകങ്ങളാണ് സമഗ്രശിക്ഷയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധര്‍ തെരെഞ്ഞെടുക്കുന്നത്.

സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പുസ്തകങ്ങളാണ് ഇക്കുറി തെരഞ്ഞെടുക്കുന്നത്. ഓരോ ക്ലാസിലേയും കുട്ടികളുടെ പ്രായത്തിനും വായനാബോധന പ്രക്രിയയ്ക്ക് ഉതകുന്നതരത്തിലുള്ള വായനാ പുസ്തകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്‍.സി.ഇ.ആര്‍.ടി., എസ്.സി.ഇ.ആര്‍.ടി., നാഷണല്‍ ബുക്ക് ട്രസ്റ്റ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക്ക് മാര്‍ക്ക് തുടങ്ങിയ ഏജന്‍സികളുടെ നവീന പുസ്തകങ്ങളാണ് പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികളില്‍ ഇക്കൊല്ലം എത്തുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലുള്ള വായനാ പുസ്തകങ്ങളാകും ലൈബ്രറികളിലെത്തുക.

പുസ്തകങ്ങളുടെ തെരെഞ്ഞെടുക്കല്‍ ശില്‍പ്പശാല സമഗ്രശിക്ഷാ, കേരളം ഡയറക്ടര്‍ ഡോ.എ.പി.കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ ഡോ.അബുരാജ്,ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.സി.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമഗ്രശിക്ഷാ, കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എ.കെ.സുരേഷ്കുമാര്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ ഡയറക്ടര്‍മാരായ ആര്‍.എസ്.ഷിബു, കെ.എസ്.ശ്രീകല, വിദഗ്ധ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: