Lead NewsNEWS

ഇത് കോടതിയുടെ വിഷയമല്ലെന്ന് കര്‍ഷകര്‍; സമരം തുടരാന്‍ സാധ്യത

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ സമരം തുടരാന്‍ സാധ്യതയെന്ന് സൂചന. ഇത് കോടതിയുടെ വിഷയമല്ല എന്നാണ് ഭൂരിഭാഗം കര്‍ഷകരും അഭിപ്രായപ്പെടുന്നത്. കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. നിയമങ്ങള്‍ സ്‌റ്റേ ചെയ്തതോടെ സര്‍ക്കാര്‍ നിലപാടിലെ പൊളളത്തരം പുറത്തായെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

3 കൃഷി നിയമങ്ങള്‍ പിന്‍വലിക്കുക എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കേണ്ടതു കേന്ദ്ര സര്‍ക്കാരാണെന്നും അത് അംഗീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം. അല്ലെങ്കില്‍ ഈ മാസമവസാനം ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ നിയമങ്ങള്‍ പിന്‍വലിക്കണം സംഘടനാ നേതാക്കള്‍ പറഞ്ഞു.

സ്റ്റേ ചെയ്ത സുപ്രിംകോടതി നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, നിയമം പൂര്‍ണമായും എടുത്തുകളയുന്നതുവരെ സമരം തുടരും എന്നുതന്നെയാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. താല്‍ക്കാലിക സ്റ്റേ, സമിതി രൂപീകരണം തുടങ്ങിയവ കൊണ്ട് തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന സൂചനയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കര്‍ഷകര്‍ പ്രകടിപ്പിക്കുന്നത്. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രിംകോടതിയുടെ ഉത്തരവില്‍ തൃപ്തരല്ലെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു. റിപബ്ലിക് ദിനത്തില്‍ നടത്താനുദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയില്‍നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

വിദഗ്ധ സമിതി രൂപീകരിച്ചുകൊണ്ടാണ് സുപ്രിംകോടതി നിയമം സ്റ്റേ ചെയ്തത്. നാലംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. എച്ച് എസ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ധന്‍ എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്. സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കുന്നതില്‍ നിന്നും തങ്ങളെ തടയാന്‍ ലോകത്തൊരു ശക്തിക്കും കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിലപാട് വ്യക്തമാക്കിയത്.

സുപ്രീംകോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ ഇന്ന് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്ന് ഇതിനോട് കോടതി പ്രതികരിച്ചു. കര്‍ഷക നിയമങ്ങള്‍ക്കെതിരേ തലസ്ഥാനത്ത് സമരം തുടരുമെന്ന് രാകേഷ് ടികായത് പറഞ്ഞു. സമരസ്ഥലത്തു നിന്ന് തിരികെ പോകില്ല. വേനല്‍ കാലത്തും സമരം തുടരുന്നതിനായി സമര സ്ഥലത്ത് ശീതീകരണികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: