വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുളള ചോദ്യത്തിന് പൊട്ടിത്തെറിച്ച് മുല്ലപ്പളളി

മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍.വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയതില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെക്കുറിച്ചുളള ചോദ്യത്തിനാണ് മുല്ലപ്പളളി ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത്.

വെല്‍ഫയര്‍ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് താങ്കള്‍ പറയുമ്പോഴും താങ്കളുടെ പ്രസ്താവനയില്‍ വ്യക്തത കുറവുണ്ടെന്ന് പറയപ്പെടുന്നുണ്ടല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെ കെ പി സി സി അദ്ധ്യക്ഷന്‍ തന്റെ പതിവ് ഇംഗ്ലീഷിനെ കൂട്ടുപിടിച്ചു.’ പ്ലീസ്, ഡോണ്ട്. സ്റ്റോപ്പ് ഇറ്റ്. ആം സോറി. ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്. സ്റ്റോപ്പ് ഇറ്റ്.’ എന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ തന്റെ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ മുല്ലപ്പള്ളിയുടെ പ്രതികരണം ഇങ്ങനെയായി.

‘നിങ്ങള്‍ അതിനെകുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട. ഇല്ലാത്ത കാര്യം.. നിങ്ങള്‍ക്ക് എന്തെല്ലാം കാര്യം സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ചാനല്‍ അല്ലേ നിങ്ങളുടെ ചാനല്‍. ചുമ്മ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിങ്ങള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് വന്നിരിക്കുന്നത്. പ്ലീസ് ടെല്‍ മീ. മാനേജ്മെന്റിന് വേണ്ടിയിട്ടാണോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയിട്ടാണോ?’ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം എന്നു പറഞ്ഞ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ മിണ്ടാതിരിക്കൂ നിങ്ങള്‍ എന്നു പറഞ്ഞ് മുല്ലപ്പള്ളി തന്റെ ക്ഷോഭം പ്രകടിപ്പിച്ചു.

തൊട്ടുപിന്നാലെ എത്തിയ എന്‍ സി പിയുടെ മുന്നണിയിലേക്കുള്ള പ്രവേശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു കെ പി സി സി അദ്ധ്യക്ഷന്റെ മറുപടി.ഇന്നലെ പി സി ജോര്‍ജിന്റെ യു ഡി എഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘ ഡിയര്‍ കമലേഷ് പ്ലീസ് വെയിന്റ് ആന്‍ഡ് സീ’ എന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. നേരത്തെ മുല്ലപ്പളളിയുടെ മാന്‍പേട പരാമര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടെയാണ് ഈ പുതിയ പരാമര്‍ശവും.

Exit mobile version