NEWS

ആവശ്യത്തിലധികം വെളുപ്പിച്ചു; കമലയുടെ മുഖചിത്രമായ വോഗ് മാഗസിനെതിരെ രൂക്ഷവിമര്‍ശനം

യു.എസ് വൈസ് പ്രസിഡന്റായി ചരിത്രം കുറിച്ച ആദ്യ വനിതയും ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമാണ് കമലാ ഹാരിസ്. ഇപ്പോഴിതാ കമലയുടെ മുഖ ചിത്രമായ ഫെബ്രുവരി പതിപ്പിലെ വോഗ് മാഗസിനാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. കമല ഹാരിസിന്റെ ഫോട്ടോ വോഗ് വെളുപ്പിച്ചു എന്ന് കാണിച്ചാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ വോഗ് മാഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചിത്രങ്ങള്‍ വെളുപ്പിച്ചതിലുപരി ഒരു ഇന്‍ഫോര്‍മല്‍ ബാക്ക് ഗ്രൗണ്ടില്‍ ഫോട്ടോ സെറ്റ് ചെയ്തതതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രൊഫഷണലിസം ഒട്ടുമില്ലാതെയാണ് വോഗ് കമല ഹാരസിന്റെ ചിത്രം എടുത്തതെന്നും ഒരു സാധാരണ മൊബൈല്‍ ക്യാമറയില്‍ ഫോട്ടോ പകര്‍ത്തിയാല്‍ പോലും ഇതിലും മികച്ച ചിത്രങ്ങള്‍ ലഭിക്കുമെന്നും വിമര്‍ശകര്‍ പറയുന്നു.

വോഗ് മാഗസിന്റെ പുതിയ ലക്കത്തില്‍ കമല ഹാരിസിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ വോഗ് പതിപ്പിലാണ് കമല ഹാരിസിന്റെ രണ്ട് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാമത്തെ ചിത്രത്തില്‍ റോസ് നിറത്തിലുള്ള കര്‍ട്ടനാണ് ബാക്ക് ഗ്രൗണ്ടില്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിനെതിരെയാണ് കൂടുതല്‍ വിമര്‍ശനങ്ങളും ഉയരുന്നത്. എസ്പ്രസോ നിറത്തിലുള്ള ബ്ലേസറും കറുപ്പ് പാന്റ്‌സും സ്‌നീക്കേഴ്‌സും ആണ് കമല ധരിച്ചിരിക്കുന്നത്. പ്രസ്തുത ചിത്രം വോഗിന്റെ നിലവാരം പുലര്‍ത്തിയില്ലെന്നും കമലയെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നും പറഞ്ഞാണ് കമന്റുകളേറെയും.

അതിരാവിലെയിരുന്ന് തട്ടിക്കൂട്ടി ഹോം വര്‍ക് പൂര്‍ത്തിയാക്കിയ കുട്ടിയെപ്പോലെയാണ് വോഗിന്റെ ആ കവര്‍ ചിത്രമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. മനോഹരമായി ഒരുക്കാവുന്ന പശ്ചാത്തലം തീര്‍ത്തും അലസമായി കിടക്കുകയാണെന്നും കമലയുടെ പോസ് ഒട്ടും സുഖകരമായി തോന്നുന്നില്ലെന്നും ഫോട്ടോയുടെ ആംഗിളും ലൈറ്റിങ് ചെയ്തതും ഒട്ടും ശരിയായിട്ടില്ലെന്നുമൊക്കെ പോകുന്നു കമന്റുകള്‍.

പ്രശസ്ത ബ്ലാക്ക് ഫോട്ടോഗ്രാഫറായ ടെയിലര്‍ മിച്ചെല്ലാണ് ഫോട്ടോയെടുത്തത്. കമല ഹാരിസിന്റെ ചിത്രത്തില്‍ വോഗ് വീണ്ടും വെള്ളപൂശുകയാണെന്നും. ഇത് തികച്ചും ബഹുമാനമില്ലാത്ത രീതിയാണെന്നും ട്വിറ്ററില്‍ ഒരു ഉപയോക്താവ് കുറിച്ചു. ‘അമേരിക്കയില്‍ ചരിത്രം സൃഷ്ടിക്കുകയായിരുന്നു ആദ്യ സ്റ്റെപ്പ്. ഇനി ഹാരിസിന് മുറിവേറ്റതും പ്രതിസന്ധിയില്‍ അകപ്പെട്ടതുമായ അമേരിക്കയെ മുന്നോട്ട് നയിക്കുക എന്ന മഹത്തായ ദൗത്യം കൂടിയുണ്ട്,’ എന്ന് പറഞ്ഞാണ് വോഗ് രണ്ട് കവര്‍ ഫോട്ടോയും ഷെയര്‍ ചെയ്തത്.

Back to top button
error: