Lead NewsNEWS

കടയ്ക്കാവൂര്‍ സംഭവം: ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

ടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചതായി പറയപ്പെടുന്ന സംഭവം ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരാതിയിൽ അമ്മയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന ഇടയിലാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ഡിജിപി നിയമിച്ചത്. പോലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചു എന്ന ആരോപണം ബന്ധുക്കൾ ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. സംഭവത്തിൽ പോലീസിന് വീഴ്ചയെക്കുറിച്ചും അന്വേഷിക്കും എന്നാണ് സൂചന.

നിരവധി കുടുംബപ്രശ്നങ്ങൾ നിലനില്ക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പോലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പോലീസിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. യുവതിയെ ഭർത്താവ് കള്ളക്കേസിൽ കുടുക്കിയതാണെന്ന ആക്ഷേപം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നുവർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് അറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് പോക്സോ പ്രകാരം 13 വയസ്സുകാരന്റെ മാതാവ് അറസ്റ്റിലായത്. യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹ ബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ കേസുകൾ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിന് ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.

Back to top button
error: