Lead NewsNEWS

ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍

ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കലിഫോര്‍ണിയയില്‍ നിന്നുളള ഡെമോക്രാറ്റ് അംഗം ടെഡ് ലിയാണ് ഇംപീച്ച്‌മെന്റ് നീക്കത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നീക്കത്തിന് പിന്നില്‍ 180 പേരുടെ പിന്തുണയുമുണ്ടെന്നാണ് വിവരം.

ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ നടത്താന്‍ അനുയായികളെ പ്രോത്സാഹിപ്പിച്ചു എന്ന പേരിലാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വരാനൊരുങ്ങുന്നത്. സ്ഥാനം ഒഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തരത്തിലൊരു നടപടി നേരിടേണ്ടി വരുന്നത് ട്രംപിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയൊരു നാണക്കേടായി അവശേഷിക്കും. തിങ്കളാഴ്ചയാണ് സഭയില്‍ പ്രമേയം അവതരിപ്പിക്കുക. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്നത്. ട്രംപ് അധികാരത്തിലിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ക്യാപിറ്റോള്‍ മന്ദിരത്തിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ട്രംപിന്റെ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു

യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഔദ്യോഗികമായി അംഗീകരിക്കാന്‍ കാപിറ്റോളില്‍ ചേര്‍ന്ന യോഗത്തിലേക്കാണ് ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ സുരക്ഷ മറികടന്ന് ഇരച്ചുകയറിയത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Back to top button
error: