Lead NewsNEWS

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണം; ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍. കാരയ്ക്കാമണ്ഡപത്തിന് സമീപം ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തിലാണ് പ്രദീപ് കൊല്ലപ്പെടുന്നത്. അപകടത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന വാഹനം കസ്റ്റഡിയെടുക്കുകയും അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിട്ടും മരണത്തിലെ ദുരൂഹത നീങ്ങിയിട്ടില്ല. മാത്രവുമല്ല ഇത് സ്വാഭാവിക അപകടമല്ലെന്നും നിരവധി സംശയങ്ങള്‍ ഉണ്ടെന്നും പ്രദീപിന്റെ അമ്മയും ഭാര്യയും ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കുന്നതായി സംശയിക്കുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാനോ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പൊതുസമൂഹത്തിന്റെയും സംശയം ദൂരീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാനോ അധികാരികള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ നിര്‍ബന്ധിതരായതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ കെ.എം. ഷാജഹാനാണ് കണ്‍വീനര്‍. ബിജെപി സംസ്ഥാന സമിതി അംഗവും മാധ്യമ പ്രവര്‍ത്തകനുമായ സന്ദീപ് വാചസ്പതി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ റോയ് മാത്യു, മലയാളി വാര്‍ത്താ ചീഫ് എഡിറ്റര്‍ സോയ് മോന്‍ മാത്യു, തത്വമയി ടിവി ചീഫ് എഡിറ്റര്‍ രാജേഷ് പിള്ള, എന്നിവര്‍ കോ കണ്‍വീനര്‍മാരാണ്. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകരായ എസ് ശിവപ്രസാദ്, എംബി സന്തോഷ്, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിലാണ് രൂപീകരിച്ചത്.

പ്രദീപിന്റെ മരണം സ്വാഭാവിക മരണമായി ഒതുക്കി തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തില്‍ ദുരൂഹതയുണ്ടെന്ന് സന്ദീപ് വാചസ്പതി ആരോപിച്ചു. പ്രദീപിനൊപ്പം സഞ്ചരിച്ച ഇരു ചക്രവാഹനത്തില്‍ ഉള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം. മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഹണിട്രാപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിക്കപ്പെട്ടതിലും ദുരൂഹതയുണ്ട്. ഈ ഹര്‍ജി പിന്‍വലിക്കാന്‍ പ്രദീപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയവരേയും പ്രദീപിന്റെ വക്കാലത്ത് ഏറ്റെടുത്തിരുന്ന അഭിഭാഷകനേയും ചോദ്യം ചെയ്യണമെന്നും സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

സത്യം വിളിച്ചു പറയുന്ന എല്ലാവരും വേട്ടയാടപ്പെടുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കെ.എം. ഷാജഹാന്‍ ചൂണ്ടിക്കാട്ടി. ഇത് മാധ്യമ പ്രവര്‍ത്തകരെ മാത്രം ബാധിക്കുന്ന വിഷയമല്ല. നിര്‍ഭയമായി കാര്യങ്ങള്‍ പറഞ്ഞതിന് പ്രദീപിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

അടുത്തടുത്ത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും മാധ്യമ ലോകം നിസംഗത പുലര്‍ത്തുകയാണെന്ന് റോയ് മാത്യു പറഞ്ഞു. ഭാവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടാകണമെങ്കില്‍ ഇതിന്റെ പിന്നിലെ സത്യം തെളിയണമെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് പിള്ളയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. സമഗ്ര ആന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ നടയില്‍ സമരം അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

Back to top button
error: