Lead NewsNEWS

പാലം കുലുങ്ങിയില്ല… ലോറി കുനിഞ്ഞില്ല: വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പൊതുഗതാഗതത്തിനായി വൈറ്റില കുണ്ടന്നൂര്‍ റോഡ് മേല്‍പ്പാലങ്ങള്‍ ഇന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു കൊടുത്തത്. ഇപ്പോഴിതാ ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ചര്‍ച്ചയായിരുന്നു. വൈറ്റില ഫ്‌ളൈഓവറില്‍ മെട്രോ ഗര്‍ഡറിന് താഴേക്കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. ഈ ചിത്രം വിമര്‍ശകര്‍ക്കുളള മറുപടിയാണെന്ന് ഒരു കൂട്ടം ആളുകള്‍ പറയുന്നു.

നിര്‍മ്മാണഘട്ടത്തില്‍ വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന ആദ്യഘട്ടങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ ‘കുനിഞ്ഞു’ പോകേണ്ടിവരും എന്നുള്‍പ്പെടയുള്ള ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിനാണ് മുഖ്യമന്ത്രി കണ്ടെയ്നര്‍ ലോറി ചിത്രം പങ്കുവച്ച് പരോക്ഷ മറുപടി നല്‍കിയതെന്നാണ് പൊതുവേയുളള അഭിപ്രായം.

ദൂരെ നിന്നു നോക്കുമ്പോള്‍ പാലവും മെട്രോ വയഡക്ടും അടുത്തായി തോന്നുമെങ്കിലും ഉയരമുള്ള ലോറികള്‍ക്കും കടന്നുപോകാവുന്ന ക്ലിയറന്‍സ് പാലത്തിനും മെട്രോ വയഡക്ടിനുമിടയിലുണ്ട്. നിശ്ചിത ഉയരത്തില്‍ കൂടുതലുളള വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ മുന്‍പ് ആക്ഷേപമുന്നയിച്ചവര്‍ വീണ്ടും കളത്തിലിറങ്ങി. ഉയരമുള്ള വാഹനങ്ങള്‍ക്കു പോകാമെങ്കില്‍ എന്തിനാണു ഹൈറ്റ് ഗേജ് എന്നതായി അടുത്ത ചോദ്യം. വാഹനങ്ങള്‍ നിശ്ചിത ഉയരത്തില്‍ കൂടുതല്‍ ലോഡുമായി പാലത്തില്‍ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതര്‍ പറഞ്ഞിട്ടും പലര്‍ക്കും വിശ്വാസം വന്നില്ല.

രാജ്യത്തു 4.75 മീറ്ററാണു വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റര്‍ ക്ലിയറന്‍സ് വൈറ്റില മേല്‍പാലത്തിലുണ്ട്. പരിധിയില്‍ കവിഞ്ഞ് ഉയരമുളള അനധികൃത വാഹനങ്ങളോ യന്ത്രഭാഗങ്ങളുമായി വരുന്ന വാഹനങ്ങളോ ഉണ്ടെങ്കില്‍ പാലത്തിനടിയിലൂടെ പോകാന്‍ സ്ഥലമുണ്ട്.പാലത്തിനു താഴെയുള്ള റോഡില്‍ 13 മീറ്റര്‍ ഹൈറ്റ് ക്ലിയറന്‍സുണ്ട്. 5.5 മീറ്ററില്‍ താഴെ ക്ലിയറന്‍സേ എംജി റോഡിലെ മെട്രോ സ്റ്റേഷനുകള്‍ക്കടിയിലുള്ളൂ. എന്നിട്ടും വിവാദങ്ങള്‍ക്ക് കുറവില്ലായിരുന്നു.

Back to top button
error: