Lead NewsNEWS

കോൺഗ്രസിനെ തിരുത്താൻ യൂത്ത് കോൺഗ്രസ്, ഉമ്മൻ ചാണ്ടി യുവത്വത്തെ കേൾക്കുമോ?

കോൺഗ്രസിൽ വീണ്ടും യുവ തുർക്കികളുടെ വിപ്ലവം. മലമ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെ ക്യാമ്പ് ഇതിന് തുടക്കം കുറിക്കുന്നു. 1967-നെഅനുസ്മരിച്ചാണ് കോൺഗ്രസിൽ യുവാക്കൾ അവകാശ പോരാട്ടങ്ങൾക്കായി ശബ്ദമുയർത്തുന്നത്.

” 1967 ൽ കോൺഗ്രസിന്റെ വലിയ തോൽവിക്കുശേഷം ചെറുപ്പക്കാർക്കായി വാദിച്ചവർ അത് മറന്നിട്ടില്ല എന്ന് കരുതുന്നു. അവസരം കിട്ടിയ പ്രായവും അവർ ഓർക്കുന്നുണ്ടാകും.” ഭയലേമന്യേ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും വൈസ് പ്രസിഡണ്ട് കെ എസ് ശബരിനാഥനും മാധ്യമങ്ങളോട് പറഞ്ഞ കാര്യം.

1967-ലെ യൂത്ത് കോൺഗ്രസിനെ ഓർമിക്കുമ്പോൾ അതിന് ചരിത്രപരവും രാഷ്ട്രീയപരവുമായ സംഗതി ഉണ്ട്. മൂന്നാം കേരള നിയമസഭയിലേക്ക് 1967ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റമ്പി. ആകെയുള്ള 133 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിൽ ഒതുങ്ങി. സിപിഐഎം,സിപിഐ, മുസ്ലിംലീഗ് തുടങ്ങി സപ്തകക്ഷി മുന്നണി ഒരു വശത്തും കോൺഗ്രസ് മറുവശത്തും ആയിരുന്നു.

സപ്തകക്ഷി മുന്നണി കേരളം തൂത്തുവാരി. 1965 ലെ തിരഞ്ഞെടുപ്പിൽ 36സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസ് അതിന്റെ നാലിൽ ഒന്നിലേക്ക് ചുരുങ്ങി. കോൺഗ്രസ് പിളർന്ന് കേരള കോൺഗ്രസ് ജനിച്ചിട്ട് മൂന്നുവർഷം ആയതേയുള്ളൂ. കേരള കോൺഗ്രസും കോൺഗ്രസിനൊപ്പം ഇല്ല.

കെ കരുണാകരൻ കോൺഗ്രസിന്റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ പിന്നാലെ വന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി തന്നെയായിരുന്നു ഫലം. പനമ്പിള്ളി ഗോവിന്ദമേനോൻ ആയിരുന്നു കേരളത്തിൽ നിന്നുള്ള ഏക കോൺഗ്രസ് പ്രതിനിധി. അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് മുകുന്ദപുരത്ത് നിന്നും.

1968. പാലക്കാട് യൂത്ത് കോൺഗ്രസിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ കെ ആന്റണി,എ സി ഷൺമുഖദാസ്,എൻ രാമകൃഷ്ണൻ എന്നിവർ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാർ. എ സി ജോസ് ആണ് ട്രഷറർ. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി വയലാർ രവിയും ഒപ്പമുണ്ടായിരുന്നു.

നാടിന് ആവശ്യമുള്ള പ്രധാനപ്പെട്ട നാലഞ്ച് പ്രമേയങ്ങൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം പാസാക്കി. അത്ഭുതകരമെന്ന് പറയട്ടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇവയിൽ മിക്കതും നടപ്പാക്കി.

ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കും പോലെയായിരുന്നു പിന്നീട് കോൺഗ്രസ്. യുവതുർക്കികൾ നൽകിയ പുതുജീവൻ കോൺഗ്രസിനെ മുന്നോട്ടു നയിച്ചു. നേതാക്കളും പ്രവർത്തകരും നാട്ടിലിറങ്ങി പ്രവർത്തിച്ചു. മുക്കിലും മൂലയിലും കമ്മിറ്റികൾ ഉണ്ടായി. അങ്ങനെ 68 ൽ വിതച്ചത് 1970 ൽ കൊയ്തു.

എ കെ ആന്റണി, ഉമ്മൻചാണ്ടി,എസി ഷണ്മുഖദാസ്,എൻ രാമകൃഷ്ണൻ,കൊട്ടറ ഗോപാലകൃഷ്ണൻ തുടങ്ങി 30 വയസ്സിൽ താഴെയുള്ളവർ നിയമസഭയിൽ. എ സി ജോസിന്റെ ചേട്ടൻ എ സി ജോർജ് മുകുന്ദപുരത്ത് നിന്ന് ലോക്സഭയിലെത്തി. അദ്ദേഹം കേന്ദ്രമന്ത്രിയുമായി. വയലാർ രവി കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

സമാനമായ സാഹചര്യമാണ് കേരളത്തിൽ ഇന്ന് കോൺഗ്രസ് നേരിടുന്നത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ വലിയ തോൽവി കോൺഗ്രസിന് വലിയ പാഠങ്ങൾ നൽകുന്നുണ്ട്. ദേശീയതലത്തിൽ ആകട്ടെ ഒരു നേതാവില്ലാതെ കോൺഗ്രസ് വട്ടം കറങ്ങുന്നു.

ശക്തികേന്ദ്രം എന്നുപറയുന്ന മധ്യതിരുവിതാംകൂർ കൈ വിട്ടതാണ് കോൺഗ്രസിന് ഏറ്റവും വലിയ തിരിച്ചടി. കോൺഗ്രസ് ദുർബലമാകുന്ന ഇടങ്ങളിലൊക്കെ ബിജെപി പടർന്നുകയറുന്ന കാഴ്ച.

കെപിസിസിക്ക് മുന്നിൽ 20 ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇതിൽ 16 എണ്ണവും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളെ കുറിച്ചാണ്. കെപിസിസി യൂത്ത് കോൺഗ്രസുകാരെ കേൾക്കുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. പഴയ പടക്കുതിര ഉമ്മൻചാണ്ടി ഇപ്പോൾ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അമരത്തേക്ക് വന്നു കഴിഞ്ഞു. പഴയ പടക്കുതിര പുതിയവരെ കേൾക്കുമോ? കേട്ടില്ലെങ്കിൽ കോൺഗ്രസിന് ഉയർത്തെഴുന്നേൽക്കാൻ ആകുമോ? ചോദ്യങ്ങൾ നിരവധി.

Back to top button
error: