NEWS

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് കർമപദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളും തപാൽ വോട്ടും സംബന്ധിച്ച് മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇതനുസരിച്ച് വിശദമായ കർമപദ്ധതി ഒരാഴ്ചയ്ക്കകം തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടർമാരും പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ: രാജൻ എൻ. ഖോബ്രഗഡേയുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കർമപദ്ധതി തയാറാക്കി സംസ്ഥാനതല നോഡൽ ഓഫീസറെ നിയമിക്കാൻ ആരോഗ്യവകുപ്പിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. അതത് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരായിരിക്കും നോഡൽ ഓഫീസർമാർ. ഓരോ മണ്ഡലങ്ങളിലും ബൂത്തുതലം വരെയും നോഡൽ ഓഫീസർമാരുണ്ടാകണം. ഓരോ പോളിംഗ് ലൊക്കേഷനിലും നോഡൽ ഓഫീസർമാർക്ക് ചുമതല നൽകണമെന്നും നിർദേശിച്ചു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾക്ക് അനുസൃതമായി എങ്ങനെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താമെന്ന കർമപദ്ധതിയാണ് ആരോഗ്യവകുപ്പ് തയാറാക്കേണ്ടത്.
കോവിഡ് രോഗികൾക്ക് പി.പി.ഇ കിറ്റ് ധരിച്ച് വന്ന് വോട്ട് ചെയ്യാനും തപാൽ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിക്കും.
കോവിഡ് രോഗികൾക്ക് പുറമേ 80 വയസിനു മുകളിലുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്കും തപാൽ വോട്ട് തിരഞ്ഞെടുക്കാം.
തപാൽ വോട്ടിന് ആഗ്രഹമുള്ള ഈ വിഭാഗങ്ങളിൽപ്പെട്ടവർ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളിൽ പൂർണ മേൽവിലാസത്തോടെ അതത് വരണാധികാരികൾക്ക് അപേക്ഷ നൽകണം. ഇതനുസരിച്ച് തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് തീരുമാനിച്ച് അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Back to top button
error: