Lead NewsNEWS

ഇത്തവണ മുസ്ലിംലീഗിൽ അത്ഭുതങ്ങൾ, ഒരു വനിതാ സ്ഥാനാർഥി ഉണ്ടാകും, തെക്കൻ കേരളത്തിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർഥി, നാല് യൂത്ത് ലീഗ് നേതാക്കൾക്ക് സ്ഥാനാർത്ഥിത്വം

ഇത്തവണ മുസ്ലിംലീഗ് രണ്ടു കല്പ്പിച്ചാണ്. പരമ്പരാഗത രീതിയിൽ നിന്ന് മാറ്റം വരുത്തി ആണ് മത്സരരംഗത്ത് ഇറങ്ങുന്നത്. ലീഗിൽ ഇത്തവണ ഒരു വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നാണ് വിവരം. വനിതാ ലീഗ് നേതാവ് നുറുദീന റഷീദ്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സുഹ്റ മമ്പാട്, എംഎസ്എഫ് അഖിലേന്ത്യ നേതാവായ ഫാത്തിമ തെഹ്‌ലിയ എന്നിവരാണ് പരിഗണനയിൽ. ഇത്തവണ വനിതകൾക്ക് സ്ഥാനാർത്ഥിത്വം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനിതാ നേതാക്കൾ മുനവ്വറലി തങ്ങളെ കണ്ടിരുന്നു.

അതേസമയം തെക്കൻകേരളത്തിൽ ഒരു ക്രിസ്ത്യൻ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും ലീഗിൽ ആലോചനയുണ്ട്. കോണി ചിഹ്നത്തിൽ ഒരാളെ തെക്കൻകേരളത്തിൽ മത്സരിപ്പിക്കണമെന്ന് കഴിഞ്ഞ ലീഗ് യോഗത്തിൽ ആലോചിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ബിഷപ്പുമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ കൂടി അടിസ്ഥാനത്തിലാണ് നടപടി.

യൂത്ത് ലീഗിന് നാല് സീറ്റ് നൽകാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. പി കെ ഫിറോസ്, ടി പി അഷ്റഫലി,വി എം സുബൈർ,പി എം സാദിഖലി എന്നിവർ മത്സരിക്കും. സാദിഖലിയ്ക്ക് മണ്ണാർക്കാട് കൊടുക്കും എന്നാണ് വിവരം. മണ്ണാർക്കാട് എം എൽ എ ഷംസുദ്ദീൻ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിൽ പാർലമെന്റിലേക്ക് മത്സരിക്കും. രാജ്യസഭയിലേക്ക് വഹാബിന് പകരം കെപിഎ മജീദിനെ കൊണ്ടുവരാനാണ് ലീഗ് ആലോചിക്കുന്നത്. വഹാബ് ഏറനാട് മണ്ഡലത്തിൽ മത്സരിച്ചേക്കും. പി കെ ബഷീർ മഞ്ചേരിയിലേക്ക് മാറും. കോഴിക്കോട് സൗത്തിലോ താനൂരിലോ ആകും പികെ ഫിറോസിന് സീറ്റ് നൽകുക. എം കെ മുനീർ മങ്കടയിൽ വന്നേക്കും. പെരിന്തൽമണ്ണ മാറണമെന്ന് മഞ്ഞളാംകുഴി അലിക്ക് ആഗ്രഹമുണ്ടെങ്കിലും ലീഗ് സമ്മതം മുളിയിട്ടില്ല.

എട്ട് സിറ്റിങ് എംഎൽഎമാർക്ക് ഇത്തവണ സീറ്റ് ഉണ്ടാകില്ല. അഹമ്മദ് കബീർ, സി മമ്മൂട്ടി, എം ഉമ്മർ,പി കെ അബ്ദുറബ്ബ്,കമറുദ്ദീൻ, ഇബ്രാഹിംകുഞ്ഞ് ഷംസുദ്ദീൻ എന്നിവർക്ക്‌ ആണ് സീറ്റ് ഉണ്ടാകാതിരിക്കുക. ഇതിൽ ഷംസുദ്ദീന് പ്രമോഷൻ ആണ്.

തെരഞ്ഞെടുപ്പ് മുൻനിർത്തി മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആയിരുന്നു ആദ്യ പരീക്ഷണശാല. കുഞ്ഞാലിക്കുട്ടി മുൻകൈയെടുത്താണ് വെൽഫെയർ പാർട്ടിയും ആയി ധാരണ ഉണ്ടാക്കിയത്. ധാരണ വെൽഫെയർ പാർട്ടിക്ക് ഗുണം ചെയ്തെങ്കിലും യുഡിഎഫിന് ഗുണം ചെയ്തില്ല. ഈ പശ്ചാത്തലത്തിൽ മുന്നണിക്കുള്ളിൽ തന്നെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടായി.

നിയമസഭാ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി യാതൊരു വിധത്തിലുള്ള ബന്ധവും വേണ്ട എന്ന നിലയിലേക്ക് യുഡിഎഫ് എത്തിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം സമസ്ത നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ ചർച്ചയിൽ ഇത്തരം ഒരു ഉറപ്പ് നേടിയെടുത്തിരുന്നു എന്നാണ് വിവരം. വെൽഫെയർ പാർട്ടി ബന്ധം തുടരുകയാണെങ്കിൽ തങ്ങൾ മറ്റൊരു നിലപാട് സ്വീകരിക്കുമെന്ന് സമസ്ത നേതാക്കൾ തങ്ങളെ അറിയിച്ചു.

ഈ തെരഞ്ഞെടുപ്പിൽ 35 സീറ്റുകളിൽ മത്സരിക്കാനാണ് മുസ്ലിംലീഗ് ആലോചിക്കുന്നത്. ഭരണം കിട്ടുകയാണെങ്കിൽ ഉപമുഖ്യമന്ത്രി ഇല്ലെങ്കിൽ പ്രതിപക്ഷ നേതാവ് എന്നാണ് ലക്ഷ്യം. കോൺഗ്രസിന്റെ പ്രകടനം എത്രത്തോളം ഉണ്ടാകും എന്നത് സംബന്ധിച്ച് ലീഗ് നേതൃത്വത്തിന് ആശങ്ക ഉണ്ട്. അതുകൊണ്ടുതന്നെ ഒരു പാർട്ടി എന്ന നിലക്ക് പരമാവധി സീറ്റ് സമാഹരിക്കാനാണ് ലീഗിന്റെ നോട്ടം. ഇതിനുവേണ്ടിയുള്ള വിലപേശലുകൾ ആണ് ലീഗ് യുഡിഎഫിൽ നടത്തുന്നത്.

കഴിഞ്ഞതവണ ലീഗ് 24 സീറ്റിലാണ് മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ്‌ എമ്മിന് 15 സീറ്റ് നൽകിയിരുന്നു. ഇതിൽ പരമാവധി സീറ്റ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയാലും സീറ്റ് ബാക്കിയുണ്ടാകും. മുന്നണി വിട്ട ജെഡിയു 7 സീറ്റിൽ മത്സരിച്ചിരുന്നു. മൊത്തം 12 മുതൽ 14 വരെ സീറ്റുകൾ യുഡിഎഫിൽ ഒഴിവ് വരുമെന്നാണ് നിഗമനം. ഇതിൽ സിംഹഭാഗവും കരസ്ഥമാക്കാനാണ് ലീഗിന്റെ പദ്ധതി.

Back to top button
error: