Lead NewsNEWS

വാക്സിൻ 100% ഫലം തരില്ല, മാസ്ക് ധരിക്കുന്നത് തുടരേണ്ടിവരും, വിദഗ്ധരുടെ മുന്നറിയിപ്പ്

രാജ്യത്ത് വാക്സിൻ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടക്കും. വൻതോതിൽ വാക്സിനേഷൻ നടത്താനുള്ള പ്രാക്ടീസ് ആണിത്.

ഇന്ത്യ രണ്ട് കോവിഡ് വാക്സിനുകൾക്കാണ് അനുമതി നൽകിയിട്ടുള്ളത്. കോവാക്സിനും കോവീഷീൽഡും. എന്നാൽ ഈ വൈറസ് അസുഖത്തിന് 100% സുരക്ഷ വാക്സിൻ നൽകണമെന്നില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഈ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

” വാക്സിൻ വന്നാലും 6 മുതൽ 12 മാസം വരെ പ്രതിരോധം തുടരേണ്ടിവരും. ഇപ്പോൾ വാക്സിനേഷൻ തുടങ്ങിയാലും 2022ന്റെ തുടക്കത്തിൽ മാത്രമേ ഭൂരിഭാഗം ആളുകൾക്കും വാക്സിൻ ലഭ്യമാകൂ. അതുവരെ പ്രതിരോധനടപടികൾ നമ്മൾ കൈക്കൊള്ളണം. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾക്കൂട്ട പരിപാടികൾ ഒഴിവാക്കുക ഇതൊക്കെ പ്രാധാന്യമുള്ളതാണ്. “മുംബൈ ഹിന്ദുജ ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ മേധാവി ഭരേഷ് ഡെബിയ പറയുന്നു.

വാക്സിൻ എടുത്ത ആളുകൾ പോലും മാസ്ക് ധരിക്കണം എന്നാണ് ജസ്‌ലോക് ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് സെന്റർ കൺസൾടന്റ് ഡോ.മാല വി കനേറിയ പറയുന്നത്.

” വാക്സിനേഷന് ശേഷവും അസുഖം പിടിപെടാൻ സാധ്യതയുണ്ട്. വാക്സിനേഷന് ശേഷം ആന്റിബോഡി രൂപപ്പെടാൻ രണ്ടാഴ്ച എങ്കിലും വേണ്ടിവരും. അതിനുമുമ്പ് വൈറസിനു മുന്നിൽപെട്ടാൽ വാക്സിൻ എടുത്ത ആൾക്കും വൈറസ് ബാധിക്കാം “ഡോ.കനേറിയ വ്യക്തമാക്കുന്നു.

എല്ലാവർക്കും വാക്സിൻ എത്തിക്കുക എന്നുള്ളത് വളരെ കാഠിന്യമേറിയ ഒരു പ്രവർത്തിയാണ്.”പ്രതിരോധ കുത്തിവെപ്പുകൾ പോലുള്ള വലിയ പരിപാടികൾ ഇന്ത്യയിൽ നിലവിൽ ഉണ്ടെങ്കിലും നൂറുകോടിയിൽ പരം ആളുകൾക്ക് വാക്സിൻ നൽകുക എന്നത് വലിയ വെല്ലുവിളി ആണ് .”ഡോ.കനേറിയ വ്യക്തമാക്കുന്നു.

പി ഡി ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് എം ആർ സി കൺസൾറ്റന്റ് പൾമണോളജിസ്റ്റ് ഡോക്ടർ ലാൻസലറ്റ് പിന്റോയും ഈ വാദത്തെ ശരിവെക്കുന്നു.”ആദ്യമായി പറയട്ടെ 100% ഫലം തരുന്നതല്ല ഈ വാക്സിനുകൾ. ഓക്സ്ഫോഡ് വാക്സിന് രണ്ടുഡോസിനും കൂടി 70% ഫലപ്രാപ്തിയാണ് കാണിക്കുന്നത്.കോവാക്സിനുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
ഇതുവരെയുള്ള പഠനപ്രകാരം ഒരാൾ അസുഖബാധിതനായില്ലെങ്കിലും വൈറസ് ഉള്ളിൽ കയറാം. അത്തരം ആളുകൾക്ക് വൈറസ് പടർത്താനും ആകും. മാസ്ക് ധരിക്കുന്നത് ഇത്തരം പകർച്ച ചെറുക്കുന്നതിന് ഗുണം ചെയ്യും. മൂന്നാമത്തെ കാര്യം ഒരാൾക്കൂട്ടത്തിൽ ആരൊക്കെ വാക്സിൻ എടുത്തു, എടുത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. അതുകൊണ്ടുതന്നെ മാസ്ക് ധരിക്കുന്നത് തുടരണം.”ഡോക്ടർ ലാൻസലറ്റ് പിന്റോ വ്യക്തമാക്കുന്നു.

വാക്സിൻ എടുത്താലും വൈറസ് ബാധിക്കുമോ എന്ന ചോദ്യത്തോട് ഡോക്ടർ ലാൻസലറ്റ് പിന്റോയുടെ മറുപടി ഇങ്ങനെ ആണ്,” ഓക്സ്ഫോർഡ് വാക്സിന്റെ ഫലപ്രാപ്തി എന്ന് പറയുന്നത് 100% അല്ല എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.”

“അതുകൊണ്ട് വാക്സിൻ എടുത്താലും വൈറസ് ബാധിക്കാം.പ്രതീക്ഷ എന്താണെന്ന് വച്ചാൽ ജനസംഖ്യയിലെ ഒരു പ്രധാന ഭാഗം വാക്സിൻ മുഖാന്തരമോ നേരത്തെ രോഗം വന്നതിനാലുമോ പ്രതിരോധ ശക്തി ഉള്ളവർ ആകുക ആണെങ്കിൽ വൈറസ് പതിയെ ഇല്ലാതാകാൻ തുടങ്ങും.”ഡോക്ടർ ലാൻസലറ്റ് പിന്റോ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: