Lead NewsNEWS

അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ല: സ്പീക്കര്‍

ഡോളര്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ചട്ടം 165 എംഎല്‍എമാര്‍ക്ക് മാത്രമല്ല ബാധകമെന്നും നിയമസഭാ സ്റ്റാഫിനും ചട്ടം ബാധകമാണെന്നും സ്പീക്കര്‍ പറഞ്ഞു.

തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ അന്വേഷണ നടപടികളില്‍ ഭയമില്ല, ഒരു രൂപയുടെ അഴിമതി തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിവാദങ്ങളില്‍ കൂടുതലൊന്നും പറയാനില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഡോളര്‍ കടത്തുകേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് രണ്ട് തവണയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കത്ത് നല്‍കിയത്. നിയമസഭാ സമ്മേളനം ചേരുന്നതിനാല്‍ ജോലി തിരക്കുണ്ടെന്നാണ് അയ്യപ്പന്‍ ഇന്ന് കസ്റ്റംസിനെ അറിയിച്ചത്. മറ്റൊരു ദിവസം ഹാജരാകാന്‍ അനുവദിക്കണമെന്നും കസ്റ്റംസിനോട് ഇദ്ദേഹം ആവശ്യപ്പെട്ടു. ഇ-മെയിലിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം ഫോണിലൂടെയാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. എന്നാല്‍ നോട്ടീസ് ലഭിക്കാതെ ഹാജരാകാന്‍ കഴിയില്ലെന്ന നിലപാടാണ് അയ്യപ്പന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇ-മെയില്‍ വഴിയും വാട്‌സാപ്പ് വഴിയും കസ്റ്റംസ് നോട്ടീസ് കൈമാറി. എന്നാല്‍ വെള്ളിയാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാല്‍ തിരക്കാണെന്നും, മറ്റൊരു ദിവസം അനുവദിക്കണമെന്നുമാണ് അയ്യപ്പന്‍ കസ്റ്റംസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതിനിടെയാണ് നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണ് അയ്യപ്പനെന്ന് ചൂണ്ടിക്കാട്ടി സഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നല്‍കിയിരിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെ മാത്രമെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കുകയുള്ളുവെന്നാണ് നിയമസഭ സെക്രട്ടറി കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.

Back to top button
error: