Lead NewsNEWS

ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നത് ഇവരോ?

സംസ്ഥാനത്തെ തിരക്കൊഴിയാത്ത ഏറ്റവും തിരക്കേറിയ സ്ഥലമാണ് കൊച്ചിയിലെ വൈറ്റില ജംഗ്ഷനും തൊട്ടടുത്തുളള കുണ്ടന്നൂരും. എന്നാല്‍ ഇനി വാഹനങ്ങള്‍ക്ക് ഇടതടവില്ലാതെ പായാനാണ് രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. ഈ പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്നു നല്‍കുകയായിരുന്നു.

വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരാണ് മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത്. സംഭവത്തില്‍ സംഘടനാപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.

അതേസമയം, പണി പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോര്‍ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചപ്പോള്‍ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അതിനാല്‍ തങ്ങളുടെ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേല്‍പ്പാലം തുറന്നുകൊടുത്തതെന്നാണ് വി ഫോര്‍ കൊച്ചിയുടെ നേതാക്കള്‍ പറയുന്നത്. പോലീസ്, പാലത്തിലൂടെ കടന്നുവന്ന വാഹനങ്ങള്‍ തടഞ്ഞത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും വി ഫോര്‍ കൊച്ചി നേതാക്കള്‍ അറിയിച്ചു. മാത്രമല്ല സംഭവം നടക്കുമ്പോള്‍ നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തില്ലായിരുന്നുവെന്നും നേതാക്കള്‍ പറയുന്നു. പൊതുമുതല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം.വി ഫോര്‍ കൊച്ചി പ്രതിഷേധം സംഘടിപ്പിക്കുന്നെമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആലുവ ഭാഗത്ത് പോലീസ് കാവല്‍ ഉണ്ടായിരുന്നു. വി ഫോര്‍ കേരള പ്രവര്‍ത്തകര്‍ അരൂര്‍ ഭാഗത്ത് നിന്ന് പാലത്തിലേക്ക് കടക്കുന്ന ഭാഗത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് കടത്തിവിടുകയാണ് ചെയ്തത്. ഇത്തരത്തില്‍ കടത്തിവിട്ട വാഹനങ്ങള്‍ പാലത്തിന്റെ മറുവശത്ത് എത്തിയപ്പോള്‍ അവിടെ ബാരിക്കേഡുകള്‍ ഉണ്ടായതിനാല്‍ ആലുവ ഭാഗത്തേക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ഇവിടെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

കഴിഞ്ഞ 31ന് പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസ് സ്ഥലത്തു നില ഉറപ്പിച്ചിരുന്നതിനാല്‍ പദ്ധതി നടന്നിരുന്നില്ല. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലം ഈ മാസം 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അജ്ഞാതര്‍ പാലം തുറന്നു നല്‍കിയത് പൊലീസിന് കടുത്ത നാണക്കേടായിട്ടുണ്ട്. പ്രതിഷേധക്കാര്‍ പാലം തുറക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും അജ്ഞാതരായ ആരോ പാലം തുറന്നു നല്‍കിയതില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ല എന്ന സമ്മര്‍ദത്തിന്റെ സാഹചര്യത്തിലാണ് അര്‍ധരാത്രിയിലെ അറസ്റ്റ് നടപടികള്‍ എന്നാണ് പുറത്തുവരുന്ന വിവരം,

2017 ഡിസംബര്‍ പതിനൊന്നിനാണ് വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ പലകാരണങ്ങളാല്‍ പൂര്‍ത്തീകരണം വൈകുകയായിരുന്നു. മെട്രോ പാലവുമായുള്ള ഉയരവ്യത്യാസവും, പാലത്തിന്റെ തുടക്കത്തിലെ ഉയരനിയന്ത്രണവും വിവാദങ്ങളായി.

വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം പണിതിരിക്കുന്നത്. നിര്‍മാണച്ചെലവ് 85 കോടി രൂപ. അതേസമയം, 2018 മാര്‍ച്ചിലാണ് കുണ്ടന്നൂര്‍ പാലത്തിന്റെ പണി തുടങ്ങിയത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയ്ക്ക് മുകളിലൂടെ അപ്രോച്ച് റോഡ് അടക്കം 701 മീറ്റര്‍ നീളത്തിലാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മാണച്ചെലവ് എഴുപത്തിനാലര കോടി രൂപ.

Back to top button
error: