NEWS

പക്ഷിപ്പനി: ഇറച്ചി, മുട്ട, കാഷ്ടം ഇവയുടെ വിപണനം നിരോധിച്ചു

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ ക്രിമിനൽ നടപടി നിയമ സംഹിത സെക്ഷൻ 144 പ്രകാരം നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.ഉത്തരവ് ജനുവരി 4 മുതൽ നിലവിൽ വരും.

കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. രോഗബാധയുണ്ടായ ഫാമില്‍ ശേഷിക്കുന്ന താറാവുകളെയും ഫാമിനു പുറത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തു പക്ഷികളെയും മുന്‍കരുതലിന്‍റെ ഭാഗമായി
കൊല്ലുന്നതിനുള്ള നടപടികള്‍ക്ക് നാളെ രാവിലെ തുടക്കം കുറിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ വ്യക്തമാക്കി.

ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള എട്ട് ദ്രുതകര്‍മ്മ സേനകളെ നിയോഗിച്ചു. വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥര്‍ വീതമാണ് ഓരോ സംഘത്തിലും ഉണ്ടാകുക.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫാം ഒറ്റപ്പെട്ട മേഖലയിലാണ്. ഇന്ന് വൈകുന്നേരം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശങ്ക വേണ്ടതില്ല.

കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ‘തുറന്നിട്ടുണ്ട്. പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങള്‍ ‘നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി പൊതുജനങ്ങള്‍ക്ക് 0481 2564623 എന്ന ഫോണ്‍ നമ്പരില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം.

Back to top button
error: