NEWS

ഓണാട്ടുകരയുടെ കവി: എം.കെ.ബിജു മുഹമ്മദ്

മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ യാത്രയായി.

തെരുവിലെ അനാഥൻ്റെ ഹൃദയ നൊമ്പരങ്ങൾ സ്വന്തം ദു:ഖമായി ഏറ്റുവാങ്ങിയ കവി… വലയിൽ വീണ കിളികളെയോർത്ത് ചിറകൊടിഞ്ഞ ഇണകളാണന്ന് നൊമ്പരത്തോടെ കോറിയിട്ട കവി…
ചോര വീണ മണ്ണിൽ നിന്നും ഉയർന്നു വന്ന പൂമരമെന്നും, തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കുമെന്നും വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നുംതാരകമലരുകൾ പൂക്കും പാടം അങ്ങ് ദൂരെ എന്നും പാടിയ കവി…
1990 കളിൽ കായംകുളത്തെയും, ഓച്ചിറയിലേയും സാംസ്ക്കാരിക സന്ധ്യകളിൽ കവിതയുടെ വ്യത്യസ്ത ശബ്ദംദം മുഴക്കിയ കവി…

അനിൽ പനച്ചൂരാൻ
ഓച്ചിറയിലെ വൃശ്ചികോൽസവ വേദിയിലെ കവിയരങ്ങുകളിൽ മുടങ്ങാതെ കവിത ചൊല്ലിയ കവിയായിരുന്നു.ആ പ്രതിഭ ആദ്യം തൊട്ടറിഞ്ഞത് ഓണാട്ടുകരക്കാർ ആയിരുന്നല്ലോ.

1995 ൽ നടന്ന കേരള സർവ്വകലാശാല യുവജനോൽസവത്തിൽ കായംകുളം എം എസ്.എം കോളേജിൽ നിന്നും കവിതാപാരായണത്തിന് തിരഞ്ഞെടുത്തത് പനച്ചൂരാൻ്റെ ‘അനാഥൻ’ എന്ന കവിതയായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോൾ അനാഥന് ഒന്നാം സ്ഥാനം കിട്ടി.

പ്രഗൽഭരായ പല കവികളുടേയും കവിതകൾ മാറ്റുരച്ച വേദിയിൽ അന്ന് അത്ര പ്രശസ്തനല്ലാത്ത പനച്ചൂരാൻ്റെ കവിത സമ്മാനം നേടിയത് വലിയ വാർത്തയായിരുന്നു.

മാത്രമല്ല തൻ്റെ ജൻമനാടിന് സമീപമുള്ള കോളേജിലെ വിദ്യാർത്ഥിക്ക് തൻ്റെ കവിത തന്നെ സമ്മാനം നേടിക്കൊടുത്തത് പനച്ചൂരാനെ ഏറെ സന്തോഷിപ്പിച്ചു.

കാവ്യജീവിതാരംഭത്തിൽ ഇടത് പക്ഷ സഹയാത്രികനായിരുന്നു.പിന്നീട് യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് വൈലോപ്പിള്ളി സംസ്കൃതിഭവൻ്റെ ചെയർമാനായിരുന്നു .
സുഗതകുമാരി, നീലംപേരുർ, അനിൽപനച്ചൂരാൻ .. ദിവസങ്ങളുടെ വ്യത്യാസത്തിൽ ഓരോ കവികൾ ജീവിതത്തിൽ നിന്നും വിട പറയുന്നു.

വലയിൽ വീണ കിളികളാണു നാം
ചിറകൊടിഞ്ഞൊരിണകകളാണു നാം
വഴിവിളക്ക് കണ്ണു ചിമ്മുമ്മി
വഴിയിൽ എന്ത് നമ്മൾ പാടണം…?
“ഒരു കവിത കൂടി ഞാൻ എഴുതി വെയ്ക്കാം
എൻ്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ…”
കവി ശബ്ദം മനസ്സിൽ മുഴങ്ങുന്നു.

ഇടതൂർന്ന താടിയും ജുബ്ബയും തോളിലൊരു സഞ്ചിയുമായി സൗഹൃദത്തിൻ്റെ സ്നേഹചരടുകൾ പൊട്ടിച്ച് പനച്ചൂരാൻ നടന്നു നീങ്ങി.

Back to top button
error: