LIFETRENDING

സഹായങ്ങൾ നൽകുന്നത് നല്ലത് തന്നെ. പക്ഷെ അത് ക്യാമറകണ്ണിലെ കാഴ്ച്ചകൾക്കുവേണ്ടി മാത്രം ചെയ്യുന്നവർ സാമൂഹിക ദുരന്തങ്ങളാണ്-ജെ എസ് അടൂർ

കേരളം വിചിത്രമാണ്. ദുരിതത്തിൽ അനുദിനം ജീവിക്കുന്ന ഒരുപാടു പേരുണ്ട്. നമുക്ക് ചുറ്റും. കടത്തിൽ മുങ്ങി നിൽക്കുന്നവർ. ഭൂമി ഇല്ലാത്തവർ. വീടില്ലാത്തവർ. വീട് ചോർന്നു ഒലിക്കുന്നവർ.. രോഗം വന്നു വല്ലാതെ സാമ്പത്തികമായും ശരീരകമായും കഷ്ട്ടപ്പെടുന്നവർ. ആരോരും ഇല്ലാത്തവർ. അവിടെയൊന്നും ടി വി ക്യാമറകൾ പോകാറില്ല. ടി വി ക്യാമറകൾ ഇല്ലാത്തിടത്തു സെലിബ്രിറ്റികളോ വലിയ നേതാക്കളോ സാധാരണ പോകാറില്ല.

എന്നാൽ ദുരിതങ്ങൾ ദുരന്തമാവുമ്പോൾ അതു ടി വി കാഴ്ചകളാകുമ്പോൾ അതുവരെ തിരിഞ്ഞു നോക്കാത്തവർ എല്ലാം ടി വി ക്യാമറകൾക്കൊപ്പം അങ്ങോട്ട്‌ പോകും.
അവർ ടി വി ക്യാമറകൾക്ക് മുന്നിൽ വാഗ്ദാനങ്ങൾ നിരത്തും.

സത്യത്തിൽ അതിന് മുൻപും പിൻപും പലപ്പോഴും അങ്ങനെയുള്ളവർക്ക് സഹായം എത്തിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുള്ള ലോക്കൽ രാഷ്ട്രീയ നേതാക്കളോ പഞ്ചായത്ത്‌ അംഗങ്ങളോക്കെയാണ്.

മീഡിയ അടുത്ത സെൻസേഷന് പിറകെ പോകുമ്പോൾ ക്യാമറകൾ പാക്ക് ചെയ്യുമ്പോൾ മിക്കവാറും ടി വി നന്മ മരങ്ങൾ അപ്രത്യക്ഷമാകും.

ഇന്ന് രാവിലെ കണ്ടത് ഏതാണ്ട് 8 കോടി രൂപവിലയുള്ള സ്വർണം പൂശിയ റോൾറോയ്സ് കാറിൽ വെള്ള വസ്ത്രക്കാരൻ ടി വി ക്യാമറകൊൾക്കൊപ്പം മൂന്നു സെന്റിൽ ജീവിക്കുന്ന രണ്ടു കൗമാരക്കാരുടെ ദുരന്തഭവനത്തിലെത്തിയ കാഴ്ചയാണ്. A spectacle.

സഹായങ്ങൾ നൽകുന്നത് നല്ലത് തന്നെ. പക്ഷെ അത് ക്യാമറകണ്ണിലെ കാഴ്ച്ചകൾക്കുവേണ്ടി മാത്രം ചെയ്യുന്നവർ സാമൂഹിക ദുരന്തങ്ങളാണ്.

ടി വി ക്യാമറകൾ ഇല്ലാത്തിടത്തു ആരവങ്ങൾ ഇല്ലാത്തിടത്തു മനുഷ്യരുടെ ദുരിതങ്ങളിൽ ഒപ്പം നിൽക്കുന്നതാണ് മനുഷ്യത്വം. ആരവങ്ങളോ മാധ്യമ ക്യാമറ കണ്ണുകളോ ഇല്ലാതെ സഹജീവികളുടെ ദുരിതങ്ങളിൽ സഹായിക്കുന്ന ഒരുപാടു നല്ല മനുഷ്യരുണ്ട് കേരളത്തിലും.

Back to top button
error: