Lead NewsNEWSTRENDING

രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്

മിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക്. ആരോഗ്യത്തോടെയിരിക്കുകയാണെന്നും ശാരീരികമായും മാനസികമായും സമാധാനമുണ്ടെന്നും താരം വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഹൈദരബാദില്‍ ചികിത്സ തേടിയ അപ്പോളോ ഹോസ്പിറ്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുളള വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, താന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറി എന്നറിയിച്ചതിനെ തുടര്‍ന്ന് താരത്തിന്റെ വീടിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്. തീകൊളുത്തി ആദ്മഹത്യയ്ക്ക് ശ്രമിച്ച ചെന്നൈ സ്വദേശി ആശുപത്രിയിലാണ്.

പുതുവര്‍ഷത്തലേന്ന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നറിയിച്ച താരം അതിന് രണ്ട് ദിവസം മുമ്പാണ് ആരോഗ്യപ്രശ്‌നങ്ങളാല്‍ രാഷ്്ട്രീയത്തിലേക്ക് ഇല്ലെന്ന് അറിയിച്ചത്. രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താരത്തെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സവേണമെന്നും വിശ്രമം വേണമെന്നും ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു താരം രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പുതിയ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചിരുന്നു. മക്കള്‍ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നമായ ഓട്ടോറിക്ഷയും പാര്‍ട്ടിയുടെ പേരും പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരുന്നു. നേരത്തെ മക്കള്‍ ശക്തി കഴകം എന്ന പേരും ബാബ മുദ്ര ചിഹ്നവുമാണ് പാര്‍ട്ടിക്കായി സ്റ്റൈല്‍ മന്നന്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ പേര് മാറ്റാനും ഓട്ടോറിക്ഷ പുതിയ ചിഹ്നമായി ലഭിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രവുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്തായാലും താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം പിന്‍വലിച്ചതോടെ തമിഴകം ഒന്നടങ്കം നിരാശയിലായിരിക്കുകയാണ്.

Back to top button
error: