NEWS

കേരള സർവകലാശാലയിലെ കരാർ ജീവനക്കാർക്ക് പ്രസവാവധി ; സിന്റിക്കേറ്റ് ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : കേരള സർവകലാശാലക്ക് കീഴിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാർക്ക് പ്രസവാവധിയും ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച സിന്റിക്കേറ്റ് ഉപസമിതിയുടെ റിപ്പോർട്ടിൻമേൽ കേരള സർവകലാശാല സിന്റിക്കേറ്റ് കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കരാർ ജീവനക്കാർക്ക് പ്രസവാവധിയും പ്രസവാനുകൂല്യങ്ങളും നിഷേധിക്കരുതെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. അങ്ങനെ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
കേരള സർവകലാശാലക്ക് കീഴിലുള്ള യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വനിതാ ജീവനക്കാർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പ്രസവാനുകൂല്യങ്ങൾ നൽകിയിട്ടില്ലെന്നും പ്രസവകാലത്തെ അവധി സർവീസായി പരിഗണിക്കാത്തതു കാരണം ശമ്പള വർദ്ധനവ് ലഭിക്കുന്നില്ലെന്നുമാണ് പരാതി.
മെറ്റേണിറ്റി ബെനിഫിറ്റ് ആക്റ്റ് 1961 ന്റെ പരിധിയിൽ കേരളസർവകലാശാല വരില്ലെന്ന കേരള ഹൈക്കോടതി വിധി സർവകലാശാല ചൂണ്ടിക്കാണിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പ്രസവാവധിയും ആനുകൂല്യങ്ങളും നൽകാനാവില്ലെന്നും സർവകലാശാല വാദിച്ചു. എന്നാൽ കരാർ ജീവനക്കാർക്ക് മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റ് ബാധകമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. മെറ്റേണിറ്റി ബനിഫിറ്റ് ആക്റ്റിൽ സ്ഥിരം, കരാർ ജീവനക്കാർ എന്ന് വേർതിരിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
2020 ജൂലൈ 3 നാണ് സിന്റിക്കേറ്റ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ അനുകൂല തീരുമാനമെടുക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.

Back to top button
error: