NEWS

മലയാളം മിഷന്റെ മാതൃഭാഷാ പ്രതിഭ പുരസ്കാരം പ്രഖ്യാപിച്ചു

സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ 2020 ലെ മാതൃഭാഷാ പ്രതിഭാ പുരസ്ക്കാരത്തിന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല അസി. പ്രൊഫ.ഡോ. അശോക് ഡിക്രൂസ് അര്‍ഹനായി. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് മലയാളം മിഷന്‍ ‘മലയാള ഭാഷാ പ്രതിഭാ പുരസ്ക്കാരം’ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 50,000/രൂപയും പ്രശസ്തി പത്രവും മൊമെന്‍റോയുമാണ് പുരസ്ക്കാരം.

ഡോ. അശോക് ഡിക്രൂസ് സമര്‍പ്പിച്ച തിരൂര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, എഴുത്താശാന്‍ മൊബൈല്‍ ആപ്പ് എന്നിവയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. മൊബൈലിലെ മലയാള ഭാഷയുടെ ഉപയോഗക്ഷമത വിപുലീകരിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്ന് ഡോ. കെ. ജയകുമാര്‍ ഐ.എ.എസ്. അധ്യക്ഷനും, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കെ. മനോജ്കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പുരസ്ക്കാര നിര്‍ണ്ണയ സമിതി വിലയിരുത്തി. മലയാള ഭാഷാ സാഹിത്യത്തിന്‍റെ വളര്‍ച്ചക്കും പ്രചരണത്തിനും ‘തിരൂര്‍ മലയാളം’ നല്‍കുന്ന സംഭാവനകളെയും അവാര്‍ഡ് സമിതി പരിഗണിച്ചു.

2021 ഫെബ്രുവരി 21 ന് ലോക മാതൃഭാഷാദിനത്തില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്ക്കാരദാനം നിര്‍വ്വഹിക്കും. ആദ്യ മാതൃഭാഷഭാ പ്രതിഭാ പുരസ്കാരത്തിന് International centre for free and open source software (ICFOSS) ആണ് അര്‍ഹമായത്.

Back to top button
error: