NEWS

പോലീസിനെ തല്ലി പണി മേടിച്ച ജീവനക്കാര്‍, ഒടുവില്‍ മുതലാളി മുങ്ങി

ന്ത് വന്നാലും രക്ഷിക്കാന്‍ നമ്മുടെ മുതലാളിയുണ്ടാകുമെന്നുള്ള മൂഢവിശ്വാസം തലയില്‍ കയറിയാല്‍ പിന്നെ ചെയ്യുന്നതെന്താവും.? എന്തും ചെയ്യാം. അതിന് ഖദറായാലും കാക്കിയായാലും എന്ത് വ്യത്യാസം. പക്ഷേ മുതലാളി പാലം വലിച്ചാല്‍ പാവപ്പെട്ട ജീവനക്കാര്‍ പെട്ടത് തന്നെ. സംഭവം അടൂര്‍ കരിക്കിനേത്തിലാണ്. കരിക്കിനേത്തിനോട് ചേര്‍ന്നുള്ള പുതിയ മൊബൈല്‍ കടയുടെ പണി തടസപ്പെടുത്തുവാന്‍ ശ്രമിക്കുന്നുവെന്ന കെട്ടിട ഉടമ ഗീവര്‍ഗീസ് വൈദ്യന്റെ പരാതി അന്വേഷിക്കാനാണ് എ സ് ഐ കെബി അജി കരിക്കിനേത്ത് ഷോപ്പിലെത്തിയത്. എന്നാല്‍ കെബിയെയും കൂടെയെത്തിയ പോലീസുകാരനേയും കരിക്കിനേത്തിലെ ജീവനക്കാര്‍ തടയുകയായിരുന്നു.

എന്തുവന്നാലും പോലീസിനെ കടയിലേക്ക് കയറ്റരുതെന്ന മുതലാളിയുടെ ഉത്തരവ് അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുകയായിരുന്നു അവര്‍. പക്ഷേ അതിന് പ്രതിഫലമായി നല്‍കേണ്ടി വന്നത് ഇത്ര വലിയ ശിക്ഷയായിരിക്കുമെന്നവര്‍ പ്രതീക്ഷിച്ചിരുന്നില്ല. മര്‍ദനത്തിനിടയിലും ഡ്യൂട്ടിയിലിരിക്കുന്ന പോലീസുകാരനെയാണ് കൈവെക്കുന്നതെന്ന് എ സ് ഐ ഓര്‍മ്മിപ്പിക്കുമ്പോഴും അതൊന്നും തങ്ങള്‍ക്ക് വിഷയമല്ല എന്ന മട്ടിലായിരുന്നു ജീവനക്കാരുടെ പ്രവര്‍ത്തി. സൂര്യന് കീഴില്‍ എന്ത് ആപത്തില്‍ നിന്നും രക്ഷിച്ചു പിടിക്കാന്‍ തങ്ങളുടെ മുതലാളിയുണ്ടാകുമെന്ന ഓവര്‍ കോണ്‍ഫിഡന്‍സ് ഒടുക്കം വെട്ടിലാക്കിയെന്ന് വേണം പറയാന്‍. ജാമ്യമില്ല വകുപ്പില്‍ കേസായപ്പോള്‍ മുതലാളി മുങ്ങിയത് ജീവനക്കാര്‍ക്ക് ഷോക്കായിരുന്നു. ഇപ്പോള്‍ മുതലാളിക്കും കൂടി വേണ്ടി ജീവനക്കാരാണ് അഴിക്കുള്ളില്‍ കിട്ടക്കുന്നത്.

കരിക്കിനേത്തിലെ ജീവനക്കാര്‍ പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കരിക്കിനേത്തിനോട് ചേര്‍ന്നുള്ള മൊബൈല്‍ ഷോപ്പിന്റെ ബോര്‍ഡ് സ്ഥാപിക്കാനെത്തിയ ജോലിക്കാരെ കൈയ്യേറ്റം ചെയ്താണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇതറിഞ്ഞെത്തിയ രണ്ട് പോലീസുകാരോടും കരിക്കിനേത്തിലെ ജീവനക്കാര്‍ മോശമായി പെരുമാറുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. ഒരു പോലീസുകാരനെ കൈയ്യേറ്റം ചെയ്യാനുള്ള ധൈര്യം എങ്ങനെയായിരിക്കും സാധാരണക്കാരായ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടാവുക.? എന്തു കുഴപ്പം സംഭവിച്ചാലും തങ്ങളെ രക്ഷിക്കാന്‍ മുതലാളിയെത്തുമെന്ന ജീവനക്കാരുടെ വിശ്വാസമാണ് അവരെ കുഴിയില്‍ ചാടിച്ചതെന്ന് പറയാം. ഒരു കൊലപാതകകേസിന്റെ വിചാരണ പോലും മാറ്റി വെപ്പിക്കാന്‍ പ്രബലനായ മുതലാളിയെ വിശ്വസിച്ചില്ലെങ്കില്‍ പിന്നാരെയാണവര്‍ വിശ്വസിക്കുക.?

കരിക്കിനേത്തിന്റെ മുതലാളിയായ ജോസിനെതിരെ ഒരു കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസുകാരനെ മര്‍ദ്ദിച്ചുവെന്ന പുതിയ കേസെത്തിയിരിക്കുന്നത്. മുന്‍കൂമാര്‍ ജാമ്യത്തിന് ശ്രമിച്ചാലും കിട്ടാത്ത 323-ാം വകുപ്പ് പ്രകാരമാണ് ജോസിനെതിരെയും കണ്ടാലറിയാവുന്ന 9 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ജോസിനേയും ജീവനക്കാരേയും വഴിവിട്ട് സഹായിക്കാനാവാതെ പോലീസിലെ ഉന്നതരും കുഴഞ്ഞിരിക്കുകയാണ്. യൂണിഫോമിട്ട പോലീസുകാരന്റെ മേല്‍ കൈവെക്കരുതെന്ന കെബിയുടെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു ജീവനക്കാരുടെ പ്രകടനം. പ്രതി ചേര്‍ക്കപ്പെട്ട് റിമാന്‍ഡ് ചെയ്യാന്‍ പോവുകയാണെന്നറിഞ്ഞ പ്രതികളിലൊരാള്‍ കരഞ്ഞതും ഇതേ മുന്നറിയിപ്പിനെപ്പറ്റി പറഞ്ഞുകൊണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം. കരിക്കിനേത്തിലെ ജീവനക്കാരയ രാധാകൃഷ്ണന്‍, ഹരികുമാര്‍, ശാമുവല്‍ വര്‍ഗീസ്, പി.കെ.ജേക്കബ് ജോണ്‍, സജു, അനീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: