NEWS

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

വാഗമണ്‍ ലഹരി പാര്‍ട്ടി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംസ്ഥാന വ്യാപകമായി അന്വേഷണം വേണ്ട സാഹചര്യത്തിലാണ് നടപടി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 9 പേരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപകമാക്കുന്നതിന് വേണ്ടിയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഡി.ജി.പി അനുമതി നല്‍കിയിട്ടുണ്ട്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിനാണ് അന്വേഷണ ചുമതല. കര്‍ണാടക മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കും.

കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരിമാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. എഴുതരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചത്. ഇയാള്‍ക്ക് സംസ്ഥാനാന്തര ലഹരികടത്ത് സംഘങ്ങളുമായി ബന്ധമുണ്ട് . ഒപ്പം കേസിലെ രണ്ടും മൂന്നും പ്രതികളായ മെഹറിനും, നബിലിനുമുള്ള ബന്ധങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

ഡിസംബര്‍ 20നാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ലഹരി മരുന്ന് പാര്‍ട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇടുക്കി എ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, എല്‍എസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പില്‍സ്, എക്സറ്റസി പൗഡര്‍, ചരസ്സ്, ഹഷീഷ് എന്നിവയാണ് കണ്ടെടുത്തത്. അറസ്റ്റിലായ 9 പ്രതികളുടെ വാഹനങ്ങളില്‍ നിന്നും ബാഗുകളില്‍നിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്.

എന്നാല്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 49 പേരെ പോലീസ് വിട്ടയച്ചിരുന്നു. ഒപ്പം റിസോര്‍ട്ട് ഉടമയായ സി.പി.ഐ പ്രാദേശിക നേതാവിനെ കേസില്‍ പ്രതി ചേര്‍ക്കാനും അന്വേഷണ സംഘം തയ്യാറായില്ല. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

Back to top button
error: