LIFETRENDING

ആരാധകര്‍ക്ക് ന്യൂ ഇയര്‍ സമ്മാനമായി കുറുപ്പിന്റെ പോസ്റ്ററെത്തി

ലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണയും ആരാധകരുമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

പുതിയ പോസ്റ്ററില്‍ നിന്നും ചിത്രം അഞ്ച് ഭാഷകളിലായിട്ടായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്ന സൂചന നല്‍കുന്നുണ്ട്. നേരത്തെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും എത്തുന്നതെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രം തീയേറ്ററില്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും.

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. 35 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫറര്‍ പ്രൊഡക്ഷന്‍സും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്.

കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കി ജിതിന്‍ കെ ജോസാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ ചിത്രം കാണണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെന്ന ഫിലിം ഓപ്പറേറ്ററെ കൊലപ്പെടുത്തി കത്തിച്ചു കളഞ്ഞ സുകുമാരക്കുറുപ്പിന്റെ കഥ ഓരോ മലയാളിക്കും സുപരിചതമാണ്. കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളുടെ കൂട്ടത്തില്‍ ചാക്കോ വധവും എപ്പോഴും മുന്‍പിലുണ്ടാവാറുണ്ട്. ചിത്രത്തില്‍ സുകുമാരക്കുറുപ്പ് എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ സല്‍മാനെത്തുന്നത്.

കേരളം, ബോംബൈ, അഹമ്മദബാദ്, ദുബായ്, ബാംഗ്ലൂര്‍ എന്നിങ്ങനെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 105 ദിവസങ്ങളോളമാണ് കുറുപ്പ് ചിത്രീകരിച്ചത്. ചിത്രം കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ റിലീസായി എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീടുണ്ടായ കോവിഡ് പ്രതിസന്ധിയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം അനന്തമായി നീളുകയായിരുന്നു. ഇതിനിടയിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുന്നുവെന്ന സൂചന വന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന പോസ്റ്ററുകളില്‍ നിന്നും ചിത്രം തീയേറ്റര്‍ റിലീസായി എത്തുന്നു എന്ന സൂചനയാണ് നല്‍കുന്നത്‌

Back to top button
error: