Lead NewsNEWS

ബിജുവിന്റെയും കുടുംബത്തിന്റെയും മരണകാരണം കടബാധ്യതയോ.?

ചേലാമറ്റം ഗ്രാമം ഇന്നുണര്‍ന്നത് പാറപ്പുറത്ത് വീട്ടില്‍ ബിജുവിന്റെയും കുടുംബത്തിന്റേയും മരണവാര്‍ത്ത കേട്ടാണ്. അച്ചനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം കടബാധ്യതയുടെ പേരില്‍ ജീവനവസാനിപ്പിച്ചിരിക്കുന്നു. അറിഞ്ഞവര്‍ ആ വീട്ടിലേക്ക് ഓടിയെത്തി. വീടിന്റെ ചുമരില്‍ എഴുതിയിട്ടിരുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ അയല്‍ക്കാരനാണ് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചത്. അയല്‍വക്കങ്ങളില്‍ പാല് നല്‍കാറുള്ള ബിജുവിനെ ഇന്ന് രാവിലെ കാണാത്തതോടെയാണ് അയല്‍ക്കാരന്‍ അന്വേഷിച്ചെത്തിയത്. മരണം മണക്കുന്ന വീട്ടിലേക്കാണ് അയാള്‍ നടന്നു കയറിയത്.

കണ്ടുനില്‍ക്കാന്‍ പറ്റാത്ത വിധമുള്ള കാഴ്ച. മരണത്തിലും സ്വന്തം മകനെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ബിജുവെന്ന പിതാവിന്റെ മൃതശരീരത്തിലേക്ക് ഒരു തവണ നോക്കാനേ പലര്‍ക്കും സാധിച്ചുള്ളു. 30 ലക്ഷം രൂപയോളം ബിജു നാട്ടില്‍ പലര്‍ക്കായി നല്‍കാനുണ്ട്. സ്ത്രീകളടക്കം കാശിന്റെ പേരില്‍ പലപ്പോഴായി വീട്ടിലെത്തി ബിജുവിനോട് വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഡിസംബര്‍ 31 ന് എല്ലാവരുടേയും പണം തിരികെ നല്‍കാം എന്നുറപ്പ് നല്‍കിയാണ് കടക്കാരെ അയാള്‍ തിരികെ അയച്ചത്. എന്നാല്‍ എല്ലാ ബാധ്യതകളില്‍ നിന്നും അയാള്‍ എന്നന്നേക്കുമായി ഒഴിയുകയായിരുന്നുവെന്ന് അപ്പോഴും ആരും ചിന്തിച്ചിരുന്നില്ല.

ഹാളില്‍ മകനൊപ്പം ബിജുവും കിടപ്പ് മുറിയില്‍ മകള്‍ക്കക്കൊപ്പം അമ്മയും ഒറ്റക്കയറിന്റെ രണ്ടറ്റത്തായി ജീവിതം അവസാനിപ്പിക്കുകയായിരുന്നു. താന്‍ പണം നല്‍കാനുള്ളവരുടേയും തനിക്ക് നല്‍കാനുള്ളവരുടേയും പേര് വിവരങ്ങള്‍ ഭിത്തിയില്‍ കുറിച്ചിട്ട ശേഷമാണ് ബിജു മരണത്തിലേക്ക് നീങ്ങിയത്. ഈ തുക എല്ലാവര്‍ക്കും വാങ്ങി നല്‍കണമെന്നും തന്റെ മൃതശരീരം ബന്ധുക്കളെ കാണിക്കരുതെന്നും ബിജു ഭിത്തിയില്‍ കുറിച്ചിട്ടുണ്ട്

ജീവനോടെ ഉണ്ടായിരുന്നപ്പോള്‍ ആരെങ്കിലും അയാളോട് സ്‌നേഹത്തോടെ സംസാരിച്ച് ഒന്ന് ചേര്‍ത്ത് പിടിച്ചിരുന്നുവെങ്കില്‍ ആ നാല് ജീവനുകള്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരുന്നു. കടബാധ്യതയുടെ പേരില്‍ ബന്ധുക്കളെല്ലാം ബിജുവിനെയും കുടുംബത്തെയും ഒറ്റപ്പെടുത്തിയിരുന്നു. കടക്കാരില്‍ പലരില്‍ നിന്നുമുണ്ടായ മോശമായ പ്രതികരണവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ബിജുവിനെ മരണത്തിലേക്ക് തള്ളിവിട്ടത്. ഇന്നേ ദിവസം തുക തിരികെ നല്‍കാന്‍ സാധിക്കില്ല എന്നുറപ്പുള്ളതുകൊണ്ടായിരിക്കാം ബിജു കുടുംബവുമൊത്ത് സ്വയം മരണത്തിലേക്ക് നീങ്ങിയത്.

Back to top button
error: