LIFETRENDING

മുന്‍സീറ്റ് യാത്രികര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം

കാറുകളില്‍ ഡ്രൈവര്‍ക്കു പിന്നാലെ മുന്‍ സീറ്റ് യാത്രികനും എയര്‍ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയം തീരുമാനിച്ചു. യാത്രാവാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രികര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വൈകാതെ പുറത്തിറക്കും. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക.

നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് ഒരുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതല്‍ ഡൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.

വാഹന വ്യവസായത്തിനു നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡമായ എ ഐ എസ് പ്രകാരം നിര്‍ബന്ധമാക്കിയ സുരക്ഷാ ഉപകരണങ്ങളില്‍ ഡ്രൈവറുടെ ഭാഗത്തെ എയര്‍ബാഗ് മാത്രമാണ് ഉള്‍പ്പെടുത്തിയത് എന്നതിനാല്‍ ചില നിര്‍മാതാക്കള്‍ മുന്‍സീറ്റ് യാത്രികര്‍ക്കുള്ള എയര്‍ബാഗ് ഒഴിവാക്കുകയായിരുന്നു. വിലയുടെ കാര്യത്തില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിലാണ് ഈ പ്രവണത പ്രകടം; ഓപ്ഷനല്‍ വ്യവസ്ഥയില്‍ മാത്രമാണ് ഈ വിഭാഗത്തില്‍ മുന്‍സീറ്റ് യാത്രികനുള്ള എയര്‍ബാഗ് ലഭ്യമാവുന്നത്.

അതേസമയം യാത്രാവാഹനങ്ങളില്‍ ഇരട്ട എയര്‍ബാഗ് നിര്‍ബന്ധമാക്കുംവിധം എ ഐ എസില്‍ ഭേദഗതി വരുത്താനുള്ള സമയക്രമൊന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല.

Back to top button
error: