Lead NewsNEWS

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണം: പ്രതിപക്ഷ നേതാവ്‌

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ പൊളളലേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരണം അറിയിച്ചത്.

മയക്കുമരുന്ന് കേസില്‍ റെയ്ഡ് നടക്കുമ്പോള്‍ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷന്‍ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

ജനങ്ങളോട് സര്‍ക്കാരും പ്രതിനിധികളും മനുഷ്യത്വപരമായി ഇടപെടണം. നിയമം സഹാനുഭൂതിയോടെയാണ് നടപ്പാക്കേണ്ടിയിരുന്നത്. കുറച്ച് കരുതലോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നു. മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണവും വേണം. കോവിഡ് മൂലവും അല്ലാതെയും ദുരിതജീവിതം നയിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ പ്രതിനിധിയാണ് മരിച്ച രാജനും അമ്പിളിയെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഒഴിപ്പിക്കല്‍ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍ ഇത് മുന്‍കൂട്ടി അറിഞ്ഞാണ് പൊലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്.
മേൽക്കോടതി നടപടിക്ക് വേണ്ടി കാത്ത് നിൽക്കാതെയാണ്
മൂന്ന് സെന്റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് വ്യഗ്രത കാട്ടിയത്.
മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുമ്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു?
അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ ശേഷമാണ് രാജൻ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജൻ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല.
രാജനും അമ്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങൾ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം.
രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനിൽക്കുകയാണ്.

https://www.facebook.com/rameshchennithala/posts/3796138583777953

Back to top button
error: